thrissur local

വടക്കേക്കാട് ഷെമീര്‍ വധക്കേസ്: നാളെ വാദം കേള്‍ക്കും

തൃശൂര്‍: വടക്കേക്കാട് ഷെമീര്‍ വധക്കേസില്‍ പുതിയ ജഡ്ജ് നാളെ വാദം കേള്‍ക്കും. കേസിന്റെ വിസ്താരം പൂര്‍ത്തിയാക്കിയ തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ പി സുധീര്‍ സ്ഥലം മാറിപോയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ജോണ്‍ ഇല്ലിക്കാടന്‍ വാദം കേള്‍ക്കുന്നത്.
വടക്കേക്കാട് സ്വദേശികളായ 13 ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ് പ്രതികള്‍. ഇതില്‍ രണ്ടാംപ്രതി വിചാരണക്കിടെ മരിച്ചു. പതിമൂന്നാം പ്രതിയെ തെളിവില്ലെന്ന കാരണത്താല്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. വടക്കേക്കാട് മണികണ്‌ഠേശ്വരം പാലക്കല്‍ ഭഗവതി ക്ഷേത്രത്തിലെ മകരചൊവ്വ ഉല്‍സവത്തിനിടെ നന്ത്യാണത്തയില്‍ മൊയ്തീന്റെ മകന്‍ ഷെമീറി(21)നെ രാഷ്ട്രീയ വിരോധത്താല്‍ വെട്ടികൊലപ്പെടുത്തുകയായിരുന്നു. 2005 ജനുവരി 19ന് രാത്രി 10.30നായിരുന്നു സംഭവം.
2014 സെപ്തംബര്‍ ഒന്നിനാണ് സാക്ഷിവിസ്താരം തുടങ്ങിയത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 49 സാക്ഷികളെ വിസ്തരിക്കുകയും 52 തൊണ്ടി സാധനങ്ങളും 115 രേഖകളും തെളിയിക്കുകയും ചെയ്തിട്ടുണ്ട്. കേസ് വിസ്താരം നടത്തിയ ജഡ്ജ് തന്നെ വിധി പറയുന്നതാണ് സാധാരണ നടപടിക്രമം. നാലാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് കെ വി സുധീര്‍ മുമ്പാകെയാണ് കേസിന്റെ വിചാരണ നടന്നിരുന്നത്.
ഇതിനിടെ ജഡ്ജ് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റി. വിചാരണ നടത്തിയ ജഡ്ജിയുടെ കോടതിയിലേക്കുതന്നെ കേസ് കൈമാറണമെന്ന് അപേക്ഷിച്ച് കൊല്ലപ്പെട്ട ഷെമീറിന്റെ മാതാവ് കുഞ്ഞിമോള്‍ ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി കേസ് ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക് മാറ്റാന്‍ ഉത്തരവിറക്കി. ഇതിനെതിരെ പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ജഡ്ജ് കെ പി സുധീര്‍ മധ്യവേനല്‍ അവധി കഴിഞ്ഞ് മഞ്ചേരി സെഷന്‍സ് കോടതിയിലേക്ക് സ്ഥലം മാറുന്നതിന് മുമ്പുതന്നെ കേസ് വിചാരണ പൂര്‍ത്തിയാക്കിയിരുന്നു.
എന്നാല്‍ കേസില്‍ ഒന്ന്, 10 പ്രതികള്‍ക്കുവേണ്ടി ഹാജരായിരുന്ന അഡ്വ. പി എസ് ശ്രീധരന്‍പിള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനാല്‍ പ്രതിഭാഗം വാദത്തിന് അവധി അപേക്ഷിച്ചു. ഇത് വാദം ആരംഭിക്കുന്നത് വൈകാന്‍ കാരണമായി. ജഡ്ജ് മാറിയ സാഹചര്യത്തില്‍ പുതിയ ജഡ്ജ് മമ്പാകെ തെളിവുകള്‍ നിരത്തി വാദം ആരംഭിക്കും. അഡ്വ. കെ ബി മോഹന്‍ദാസാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.
Next Story

RELATED STORIES

Share it