വടക്കന്‍ കൊറിയക്കെതിരേ യുഎസ് പടയൊരുക്കം; യുഎസ് ആണവ ബോംബറുകള്‍ ദക്ഷിണ കൊറിയയില്‍

സോള്‍: ഹൈഡ്രജന്‍ ബോംബ് വിജയകരമായി പരീക്ഷിച്ചെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനത്തിനു പിന്നാലെ അമേരിക്ക ആണവ വാഹിനിയായ ബി-22 ബോംബര്‍ വിമാനം ദക്ഷിണ കൊറിയയില്‍ വിന്യസിച്ചു.
അമേരിക്കയുടെ ബോംബര്‍ ജെറ്റായ ബി-52ന്റെ രണ്ട് വിമാനങ്ങളാണ് യുഎസിനോട് അനുഭാവം പുലര്‍ത്തുന്ന ദക്ഷിണ കൊറിയയില്‍ എത്തിയത്. കൊറിയകളുടെ അതിര്‍ത്തിയില്‍ നിന്നും 72 കിലോമീറ്റര്‍ ദൂരമുള്ള ഒസാന്‍ വ്യോമസേനാ കേന്ദ്രത്തിലാണ് ജെറ്റ് വിന്യസിച്ചതെന്ന് സൈന്യം അറിയിച്ചു. ദക്ഷിണ കൊറിയയുടെയും യുഎസിന്റെ മറ്റൊരു ജെറ്റും ബി-52 ജെറ്റിനെ അനുഗമിച്ചു.
ഒസാന്‍ വ്യോമസേന താവളത്തില്‍ സൈനികാഭ്യാസം നടത്തിയ യുഎസ് ജെറ്റുകള്‍ ഗുവാമിലെ ആന്‍ഡേഴ്‌സണ്‍ എയര്‍ബേസിലേക്ക് നീങ്ങിയതായും റിപോര്‍ട്ടുകളുണ്ട്.
ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനു പിന്നാലെ ഇരു കൊറിയകളും തമ്മിലുള്ള ശത്രുത വര്‍ധിച്ച സാഹചര്യത്തിലാണ് യുഎസ് ബോംബര്‍ വിമാനങ്ങളുടെ സാന്നിധ്യമെന്നത് ശ്രദ്ധേയമാണ്.
ദക്ഷിണ കൊറിയയുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് യുദ്ധവിമാനങ്ങള്‍ വിന്യസിച്ചതെന്ന് കൊറിയയിലെ യുഎസ് സേനയുടെ ഡെപ്യൂട്ടി കമാന്‍ഡന്റ് ലഫ്. ജനറല്‍ ടെറന്‍സ് ജെ. ഒഷൗഗനെസി അറിയിച്ചു. പരീക്ഷണം നടത്തിയതിനു പിന്നാലെ ഉത്തര കൊറിയക്കെതിരേ സംയുക്ത നീക്കം നടത്താന്‍ യുഎസ്, ദക്ഷിണകൊറിയ, ജപ്പാന്‍ എന്നിവര്‍ തീരുമാനിച്ചിരുന്നു.
2013ല്‍ ഉത്തരകൊറിയ മൂന്നാമത്തെ അണുപരീക്ഷണം നടത്തിയപ്പോഴും യുഎസ് ബോംബര്‍ വിമാനങ്ങള്‍ മുന്നറിയിപ്പുമായി എത്തിയിരുന്നു.
ബുധനാഴ്ചയാണ് ഹൈഡ്രജന്‍ ബോംബ് പരീക്ഷണം നടത്തിയതെന്ന് ഉത്തരകൊറിയ അവകാശപ്പെട്ടത്. ഉത്തര കൊറിയയുടെ പരീക്ഷണ പശ്ചാത്തലത്തില്‍ അവരുടെ സഖ്യരാജ്യമായ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ത്തിയത്.
അതേസമയം, ഹൈഡ്രജന്‍ ബോംബ് സ്വയം പ്രതിരോധത്തിനാണെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ വ്യക്തമാക്കി.
പരീക്ഷണം പ്രതിരോധത്തിനും കൊറിയന്‍ ഉപദ്വീപിലെ സമാധാന പരിപാലനത്തിനും ആണവ ഭീകരതയ്ക്കു നേതൃത്വം നല്‍കുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തില്‍നിന്നുള്ള വെല്ലുവിളി ഇല്ലാതാക്കാനുമാണെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it