kasaragod local

ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ ക്ലീനര്‍ക്ക് കഠിനതടവും പിഴയും

വിദ്യാനഗര്‍: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടയില്‍ ലോറി ഡ്രൈവര്‍ തലക്കടിയേറ്റ് മരിച്ച കേസില്‍ പ്രതിയായ ക്ലീനറെ ആറ് വര്‍ഷം കഠിനതടവിനും 20,000 രൂപ പിഴയടക്കാനും ജില്ലാ അഡീ. സെഷന്‍സ് കോടതി (മൂന്ന്) ശിക്ഷിച്ചു. കണ്ണൂര്‍ കുറ്റിക്കോല്‍ വിളക്കന്നൂര്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ സുകുമാരന്‍ (34) മരിച്ച കേസില്‍ ക്ലീനര്‍ വിളക്കന്നൂരിലെ കെ സി ഷിജോ(28)യെയാണ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവനുഭവിക്കണം. കുമ്പള പോലിസ് ചാര്‍ജ് ചെയ്ത കേസാണിത്. 2011 ഡിസംബര്‍ 13ന് രാത്രിയില്‍ കുമ്പള ബജ്‌പെ കടവിലാണ് സംഭവം നടന്നത്. ഇവിടെ മണലെടുക്കാന്‍ എത്തിയതായിരുന്നു ഇരുവരും. ഇവര്‍ മദ്യപിക്കുകയും വാക്കുതര്‍ക്കമുണ്ടാവുകയും ഇതിനിടയില്‍ ഷിജോ കൈക്കോട്ടിന്റെ തള്ളക്കൊണ്ട് സുകുമാരന്റെ തലക്കടിക്കുകയുമായിരുന്നു.
തലപൊട്ടി രക്തംവാര്‍ന്ന സുകുമാരനെ നാട്ടുകാര്‍ മംഗളൂരു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പിന്നീട് മരണപ്പെട്ടു. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഗംഗാധരന്‍ കുട്ടമത്ത് ഹാജരായി. വ്യക്തമായ തെളിവുകളൊന്നുമില്ലാതിരുന്ന കേസില്‍ അന്നത്തെ കുമ്പള സിഐ ടി പി രഞ്ജിത്ത് നടത്തിയ അന്വേഷണമാണ് പ്രതിയെ കണ്ടെത്താനായത്.
Next Story

RELATED STORIES

Share it