റാന്നിക്കും പറയാനുണ്ട്

പത്തനംതിട്ട: 1987ലെ നിയമസഭാ തിരഞ്ഞെടുപ്പ് റാന്നി നിയോജകമണ്ഡലത്തെ ശ്രദ്ധേയമാക്കിയത് സ്ഥാനാര്‍ഥികളുടെ ബാഹുല്യം കൊണ്ടാണ്. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുണ്ടായിരുന്നതും 1987ലാണ്. 1245 പേരാണ് അക്കൊല്ലം മല്‍സരരംഗത്തുണ്ടായിരുന്നത്. സ്ഥാനാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ മല്‍സരിക്കാനുണ്ടായിരുന്നത് റാന്നി നിയോജകമണ്ഡലത്തിലുമായിരുന്നു. റാന്നി നിയോജകമണ്ഡലത്തില്‍ അത്തവണ മല്‍സരിച്ചത് 21 സ്ഥാനാര്‍ഥികളാണ്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്തി അന്ന് റാന്നിയില്‍ നിന്ന് നിയമസഭയിലെത്തിയത് കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ ഈപ്പന്‍ വര്‍ഗീസ്. 1987ലെ തിരഞ്ഞെടുപ്പില്‍ ഈപ്പന്‍ വര്‍ഗീസ് അപ്രതീക്ഷിതമായാണ് റാന്നിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാവുന്നത്. എറണാകുളം ജില്ലക്കാരനായ ഈപ്പന്‍ വര്‍ഗീസ് സ്ഥാനാര്‍ഥിയാവുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഒരുവര്‍ഷം മുമ്പ് ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലമായിരുന്നതിനാല്‍ സിറ്റിങ് എംഎല്‍എ റേച്ചല്‍ സണ്ണി പനവേലിക്ക് രണ്ടാമതൊരു ഊഴം എല്ലാവരും പ്രതീക്ഷിച്ചിരുന്നു. യുഡിഎഫില്‍ കോണ്‍ഗ്രസ് മല്‍സരിച്ചുവന്നിരുന്ന മണ്ഡലം തുടര്‍ച്ചയായ തോല്‍വിക്കിടെ കേരളാ കോണ്‍ഗ്രസ് -ജെ ഏറ്റെടുത്തു. അന്നു പാര്‍ട്ടി നേതാവായിരുന്ന ഈപ്പന്‍ വര്‍ഗീസിന് ഒരു മണ്ഡലം വേണമെന്നുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ റാന്നിയില്‍ മല്‍സരിപ്പിക്കാന്‍ പി ജെ ജോസഫ് തീരുമാനിക്കുകയായിരുന്നു. ബന്ധുബലവും രാഷ്ട്രീയ പിന്തുണയുമാണ് ഈപ്പന്‍ വര്‍ഗീസിനു കൂട്ടിനുണ്ടായിരുന്നത്. ഈപ്പന്‍ വര്‍ഗീസിന്റെ സ്ഥാനാര്‍ഥിത്വത്തോടെ പ്രാദേശികവാദം ശക്തിപ്പെട്ടു. സിപിഎം ഇടിക്കുള മാപ്പിളയെ സ്ഥാനാര്‍ഥിയാക്കിയതോടെ മറുപക്ഷത്തും ഇതേ പ്രശ്‌നങ്ങളുണ്ടായി. റാന്നിക്കാരായ പൊതുപ്രവര്‍ത്തകര്‍ പലരും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. യുഡിഎഫില്‍ കോണ്‍ഗ്രസ്സും എല്‍ഡിഎഫില്‍ കോണ്‍ഗ്രസ് എസും മല്‍സരിക്കാതെ വന്നതോടെ റാന്നിയില്‍ ഇതിനു തൊട്ടുമുമ്പു നടന്ന തിരഞ്ഞെടുപ്പുകളില്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നവരും പിന്‍മാറി. സ്വതന്ത്രര്‍ അടക്കം കൂടുതല്‍ വോട്ട് നേടിയപ്പോള്‍ 1203 വോട്ടിന് ഈപ്പന്‍ വര്‍ഗീസ് വിജയിച്ചു. 1977നു ശേഷം ഒരു കേരളാ കോണ്‍ഗ്രസ് വിജയം മണ്ഡലത്തിനുണ്ടായി. ജനാധിപത്യ മുന്നണി മണ്ഡലം പിടിച്ചതും 1977നുശേഷമായിരുന്നു. എന്നാല്‍ 1991ലെ തിരഞ്ഞെടുപ്പില്‍ ഈപ്പന്‍ വര്‍ഗീസ് റാന്നിയില്‍ മല്‍സരിക്കാനെത്തിയില്ല. വീണ്ടും റാന്നിക്കാരിലേക്ക് മല്‍സരം തിരികെ വരികയായിരുന്നു.
Next Story

RELATED STORIES

Share it