റഷ്യയുമായി നിര്‍ണായക ചര്‍ച്ചയ്ക്ക് കെറി

വാഷിങ്ടണ്‍: സിറിയന്‍ പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അടുത്തയാഴ്ച റഷ്യ സന്ദര്‍ശിക്കും. സിറിയയില്‍നിന്നുള്ള സൈനിക പിന്‍മാറ്റത്തിന് റഷ്യ തുടക്കമിട്ടതിനു പിന്നാലെയാണ് കെറിയുടെ സന്ദര്‍ശന പ്രഖ്യാപനം.
റഷ്യന്‍ സൈനിക പിന്‍മാറ്റവും യുഎന്‍ മധ്യസ്ഥതയില്‍ ജനീവയില്‍ പുരോഗമിക്കുന്ന സമാധാന ചര്‍ച്ചയും സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കാനുള്ള മികച്ച അവസരമാണെന്ന് കെറി വ്യക്തമാക്കി. ക്യൂബയില്‍നിന്നു മടങ്ങിവന്നതിനു ശേഷമാവും കെറി മോസ്‌കോയില്‍ സന്ദര്‍ശനം നടത്തുന്നത്. സൈനിക പിന്‍മാറ്റ പ്രഖ്യാപനത്തിനു പിന്നാലെ ചൊവ്വാഴ്ച സിറിയയില്‍നിന്നുള്ള റഷ്യന്‍ സൈനിക പിന്‍മാറ്റം ആരംഭിച്ചിട്ടുണ്ട്. ആദ്യ സംഘം കഴിഞ്ഞ ദിവസം റഷ്യയില്‍ തിരിച്ചെത്തിയിട്ടുണ്ട്.
അതേസമയം, ഭാഗിക പിന്‍മാറ്റത്തിനിടയിലും സിറിയയില്‍ വ്യോമാക്രമണം തുടരുമെന്നു റഷ്യന്‍ പ്രതിരോധ സഹമന്ത്രി നിക്കോളായി പാന്‍കോവ് അറിയിച്ചു. സൈനിക പിന്‍മാറ്റത്തിനുള്ള റഷ്യന്‍ തീരുമാനത്തെ സ്വാഗതം ചെയ്ത സിറിയയിലെ യുഎന്‍ പ്രത്യേക ദൂതന്‍ സ്റ്റഫാന്‍ ഡി മിസ്തുറ ജനീവ ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നും വ്യക്തമാക്കി.

Next Story

RELATED STORIES

Share it