റഷ്യന്‍ വിമാനം വെടിവച്ചിട്ട സംഭവം; സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ ശ്രമിക്കുമെന്ന് തുര്‍ക്കി

ഇസ്താംബൂള്‍: റഷ്യന്‍ യുദ്ധവിമാനം വെടിവച്ചിട്ടതിനു പിന്നാലെ രൂപപ്പെട്ട സംഘര്‍ഷാവസ്ഥയ്ക്ക് അയവുവരുത്താന്‍ ശ്രമിക്കുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദൊഗ്‌ലു. റഷ്യയുമായും സഖ്യരാജ്യങ്ങളുമായും സഹകരിച്ചു പ്രവര്‍ത്തിക്കും. ഐഎസ് വിരുദ്ധ പോരാട്ടത്തിനാണ് രാജ്യം പ്രാമുഖ്യം നല്‍കുന്നതെന്നും ബ്രിട്ടിഷ് പത്രമായ ടൈംസിലെഴുതിയ ലേഖനത്തില്‍ ദാവൂദൊഗ്‌ലു വ്യക്തമാക്കി.
റഷ്യയുടെ എസ്‌യു -24 പോര്‍വിമാനം തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് തുര്‍ക്കിയുടെ എഫ്-16 വിമാനം വെടിവച്ചിട്ടത്.
തങ്ങളുടെ ഭൂപ്രദേശം സംരക്ഷിക്കേണ്ട ചുമതല സൈന്യത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുമാണ് ഐഎസിന്റെ സാമ്പത്തിക സ്രോതസ്സ് എന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആരോപിച്ചു. തുര്‍ക്കി എണ്ണയും വാതകവും വാങ്ങുന്നത് സുപരിചിതമായ സ്രോതസ്സുകളില്‍ നിന്നാണ്.
ഐഎസില്‍ നിന്നാണ് വാങ്ങുന്നതെന്ന ആരോപണം ഉന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കണമെന്നും ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു.
തുര്‍ക്കിക്ക് അകത്തേക്ക് അനധികൃതമായി പെട്രോളിയം കടത്തുന്നത് തടയാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും അങ്കറ സ്വീകരിച്ചിട്ടുണ്ട്.
റഷ്യന്‍ വിമാനം വീഴ്ത്തിയതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് അങ്കറയില്‍ മറുപടി പറയവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഐഎസിനു പിന്നില്‍ അന്താരാഷ്ട്ര തിരക്കഥയും കളിയുമാണ് നടക്കുന്നത്. ഇസ്‌ലാമോഫോബിയും ലോകത്ത് മുസ്‌ലിംകള്‍ക്കെതിരേയുള്ള വിഭാഗീയതയും ശക്തിപ്പെടുത്തുകയാണ് അതിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it