റഷ്യന്‍ പോര്‍വിമാനം വെടിവച്ചിട്ട സംഭവം: മുന്നറിയിപ്പ് നല്‍കുന്ന ശബ്ദരേഖ തുര്‍ക്കി പുറത്തുവിട്ടു

അങ്കറ: സിറിയന്‍ അതിര്‍ത്തിയില്‍ റഷ്യന്‍ പോര്‍വിമാനം വെടിവച്ചിടുന്നതിനു മുമ്പ് തുര്‍ക്കി സൈന്യം മുന്നറിയിപ്പു നല്‍കുന്നതിന്റെ ശബ്ദരേഖ തുര്‍ക്കി അധികൃതര്‍ പുറത്തുവിട്ടു.
'നിങ്ങളുടെ തെക്കോട്ടുള്ള പറക്കല്‍ ഉടന്‍തന്നെ അസാനിപ്പിക്കുക' എന്ന് ഇംഗ്ലീഷില്‍ നിര്‍ദേശം നല്‍കുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടത്. എസ്‌യു-24 വിമാനത്തിലെ രണ്ടു വൈമാനികരെ രക്ഷിക്കാന്‍ സൈനികര്‍ ശ്രമം നടത്തിയിരുന്നതായും തുര്‍ക്കി അറിയിച്ചു.
തീപ്പിടിച്ച വിമാനത്തില്‍ നിന്നു പാരഷൂട്ട് വഴി ഇറങ്ങുന്നതിനിടെയാണ് ഒരു വൈമാനികന്‍ വെടിയേറ്റു മരിക്കുന്നത്. രക്ഷപ്പെട്ട രണ്ടാമത്തെ വൈമാനികന്‍ തുര്‍ക്കി മുന്നറിയിപ്പ് നല്‍കിയെന്ന വാദവും തുര്‍ക്കിയുടെ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന വാദവും നിഷേധിക്കുകയാണ്.
തുര്‍ക്കിയുടെ എഫ്-16 യുദ്ധവിമാനത്തില്‍ നിന്നു മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത വിമാനം സിറിയയിലാണ് തകര്‍ന്നുവീണത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റഷ്യന്‍ പോര്‍വിമാനം തുര്‍ക്കി വെടിവച്ചിട്ടത്. സംഭവം ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധം ഉലച്ചിരിക്കുകയാണ്.
തുര്‍ക്കി പിന്നില്‍ നിന്നും കുത്തി എന്നായിരുന്നു സംഭവത്തോട് റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ പ്രതികരിച്ചത്. തുര്‍ക്കിയുമായുള്ള സൈനികസഹകരണം റഷ്യ റദ്ദാക്കി. സിറിയയില്‍ റഷ്യന്‍ വ്യോമാക്രമണത്തിന് തടസ്സം നില്‍ക്കുന്ന എന്തിനെയും നേരിടാന്‍ വ്യോമപ്രതിരോധ സംവിധാനമുള്ള മിസൈലുകള്‍ സിറിയയില്‍ സ്ഥാപിക്കുമെന്നും റഷ്യ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
അതേസമയം, തുര്‍ക്കിയില്‍ നിന്നുള്ള ഭക്ഷ്യ-കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് റഷ്യ ഇന്നലെ അറിയിച്ചു. സംഭവത്തില്‍ റഷ്യയോട് മാപ്പുചോദിക്കില്ലെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
ഐഎസിനെതിരേയുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ് ഇന്നലെ റഷ്യയിലെത്തി.
Next Story

RELATED STORIES

Share it