റഷ്യന്‍ നയതന്ത്ര പ്രതിനിധിയുടെ കാര്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചു

ന്യൂഡല്‍ഹി: റഷ്യന്‍ എംബസിയിലെ നയതന്ത്ര പ്രതിനിധി ബൈക്ക് യാത്രക്കാരനെ ഇടിക്കുകയും ബാരിക്കേഡുകള്‍ തകര്‍ക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ പോലിസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചു. ദക്ഷിണ ഡല്‍ഹിയിലെ മോട്ടിബാഗിലാണ് സംഭവം. അമിത വേഗതയില്‍ വാഹനം ഓടിച്ചതിനും പോലിസിന്റെ ജോലി തടസ്സപ്പെടുത്തിയതിനും നയതന്ത്ര പ്രതിനിധിക്കെതിരേ പോലിസ് കേസെടുത്തു. ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് റിപോര്‍ട്ട് 24 മണിക്കൂറിനുള്ളില്‍ ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിക്കുമെന്ന് പോലിസ് അറിയിച്ചു.
നയതന്ത്ര പ്രതിനിധി മദ്യപിച്ചിട്ടാണ് വാഹനമോടിച്ചതെന്ന് സംശയമുണ്ടെന്ന് പോലിസ് പറഞ്ഞു. ബൈക്ക് ഓടിച്ച നവീനെ നിസ്സാര പരിക്കുകളോടെ എയിംസില്‍ പ്രവേശിപ്പിച്ചു. ബാരിക്കേഡില്‍ വാഹനമിടിച്ചിട്ടും പുറത്തിറങ്ങാന്‍ ഇയാള്‍ വിസമ്മതിച്ചു. പോലിസാണ് ഇയാളെ വാഹനത്തില്‍ നിന്നു പുറത്തിറക്കിയത്. അതോടെ പോലിസുകാരനുമായി വാക്കുതര്‍ക്കമുണ്ടായി. പോലിസുകാരനു മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. വൈദ്യപരിശോധനയ്ക്കു ശേഷമേ നയതന്ത്രപ്രതിനിധി മദ്യപിച്ചിരുന്നോ എന്നറിയാനാവൂവെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it