രോഹിത് വെമുലമാരുടെ രക്തത്തിലുയരുന്ന അംബേദ്കര്‍ സ്മാരകം

രോഹിത് വെമുലമാരുടെ രക്തത്തിലുയരുന്ന അംബേദ്കര്‍ സ്മാരകം
X
AMBEDKAR-STATUE

IMTHIHAN-SLUGരണഘടനാ ശില്‍പി ഡോ.ബി.ആര്‍ അംബേദ്കറുടെ ജന്മഗ്രാമമായ മധ്യപ്രദേശിലെ മെഹൗയില്‍ നടന്ന 125ാം ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോഡി അംബേദ്കറോട് കോണ്‍ഗ്രസ് കടുത്ത അനീതി കാണിച്ചിരിക്കുന്നുവെന്നും അംബേദ്കറുടെ പാരമ്പര്യത്തിനു തുരങ്കം വെച്ച കോണ്‍ഗ്രസ് മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു. ആയതിന്റെ പ്രയശ്ചിത്തമായി ഡല്‍ഹിയിലെ അംബേദ്കറുടെ വസതി സ്മാരകമാക്കാനുളള തീരുമാനവും അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. തീര്‍ന്നില്ല, ഡോ.അംബേദ്കര്‍ തന്റെ ജീവിതം മുഖ്യമായും ചിലവഴിച്ച അഞ്ചു സ്ഥലങ്ങള്‍ കൂടി സ്്മാരകങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനമുണ്ട്.
പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ ആദ്യ ഭാഗത്തോട് യാഥാര്‍ത്ഥ്യ ബോധമുളള ആര്‍ക്കും തന്നെ വിയോജിപ്പുണ്ടാവില്ല. അസാമാന്യമായ തന്റെ പ്രതിഭാശേഷി കൊണ്ട്  ഇന്ത്യയുടെ പ്രധാനമന്ത്രി പദം പോലും അലങ്കരിക്കാന്‍ അര്‍ഹതയുണ്ടായിരുന്ന അംബേദ്കറെ അധികാരത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്നും അകറ്റിനിര്‍ത്താന്‍ സവര്‍ണമേല്‍ക്കോയ്മ കൊടികുത്തി വാണിരുന്ന കോണ്‍ഗ്രസ് ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും നേതൃത്വത്തില്‍ ആസൂത്രിതമായ ഗൂഢനീക്കങ്ങള്‍ നടത്തുകയായിരുന്നു എന്നത് ചരിത്രത്തിലെ കറുത്ത സത്യമാണ്.
വര്‍ഷങ്ങള്‍ നീണ്ട പോരാട്ടങ്ങള്‍ക്കു ശേഷവും അധികാരസ്ഥാനങ്ങള്‍ വര്‍ണവെറിയുടെ പിടുത്തതില്‍ നിന്നും അല്പം പോലും മോചിതമായിട്ടില്ലെന്ന തിരിച്ചറിവില്‍ കടുത്ത നിരാശനായാണു അംബേദ്കര്‍ മരിക്കുന്നതും.
എന്നാല്‍ കോണ്‍ഗ്രസിന്റെ തെറ്റിനുളള പരിഹാരം അംബേദ്കര്‍ വസതി സ്മാരകമാക്കി മാറ്റുന്നതിലൂടെ പരിഹരിക്കാവുന്നതാണോ?
തന്റെ വ്യക്തിത്വവും ജീവിച്ച ചുറ്റുപാടുകളും മഹത്വവല്‍ക്കരിക്കപ്പെടാനും അതിലൂടെ തന്റെ നാമം അനശ്വരമാക്കാനുമായിരുന്നോ രാഷ്ട്രപിതാവിനോടടക്കം ആ യുഗപുരുഷന്‍ നിരന്തരം പടവെട്ടിയിരുന്നത്? നിരന്തരം വ്യത്യസ്ത വേഷങ്ങളിലും ഭാവങ്ങളിലും സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ സായൂജ്യമടയുന്ന മോഡിക്ക് അപ്രകാരം  തോന്നിയാല്‍ അതില്‍ അത്ഭുതമില്ല. പക്ഷേ അങ്ങനെയെങ്കില്‍ സമത്വത്തിന്റെ പുതിയൊരു പ്രഭാതം ആഗ്രഹിച്ച് തന്നിലേക്ക് പ്രതീക്ഷാപൂര്‍വ്വം നോക്കിയിരുന്ന ജനലക്ഷങ്ങളെ വഴിലുപേക്ഷിച്ചും ഒറ്റികൊടുത്തും അദ്ദേഹത്തിനത് നേരത്തേ ആവാമായിരുന്നു. രാഷ്ട്രപതി പോലുളള പ്രതീകാത്മ അധികാരസ്ഥാനങ്ങള്‍ അദ്ദേഹത്തിനു കരതലാമലകം പോലെയായിരുന്നു.
എന്നാല്‍ ജാതി വിവേചനത്തിന്റെ തീക്ഷണമായ പ്രതിസന്ധികളോട് മല്ലിട്ട് ഉയര്‍ച്ചയുടെ പടവുകള്‍ കയറിയ അംബേദ്കര്‍ക്ക് ഒരു സ്വപ്‌നമുണ്ടായിരുന്നു. അത് മനുഷ്യരായി ജനിച്ചിട്ടും മൃഗങ്ങളേക്കാള്‍ താഴ്ന്ന നിലയില്‍ ജീവിക്കേണ്ടി വരുന്ന കോടിക്കണക്കായ ഇന്ത്യയിലെ അധസ്ഥിത വിഭാഗങ്ങള്‍ക്ക് മനുഷ്യരെപ്പോലെ ; രാജ്യത്തെ മറ്റു പൗരന്‍മാരെപ്പോലെ അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാനാവുന്ന സാഹചര്യം സൃഷ്ടിക്കുക എന്നതായിരുന്നു.
എന്നാല്‍ മോഡിക്കാലത്ത് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വരുന്നത് അംബേദ്കറുടെ സ്വപ്‌നം ക്രൂരമായി പിച്ചിചീന്തപ്പെടുന്ന വാര്‍ത്തകളാണ്. രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ അംബേദ്കറിന്റെ പിന്‍ഗാമികള്‍ ആത്മാഹുതിയിലേക്ക് വലിച്ചെറിയപ്പെടുകയാണ്. മോഡി മന്ത്രിസഭയിലെ അംഗങ്ങള്‍ തന്നെ ഇതിന് പ്രത്യക്ഷ നേതൃത്വം നല്‍കുന്നു. ദലിത് കൂട്ടക്കൊലകള്‍ പട്ടിക്കുട്ടികളെ കല്ലെറിയുന്നതു പോലെ നിസ്സാരമാണ് അവര്‍ക്ക്.
പണ്ടു നമ്മുടെ നാട്ടില്‍ ഒരനാചാരമുണ്ടായിരുന്നു. വലിയ കൊട്ടാരങ്ങളോ പാലങ്ങളോ അണകെട്ടുകളോ നിര്‍മ്മിക്കുമ്പോള്‍ വസ്തുവിന്റെ ഉറപ്പിനു വേണ്ടി മനുഷ്യരെ ബലി നല്‍കുക. മോഡിക്കത്തരത്തിലുളള വല്ല വിശ്വാസവും ഉളളതായി അറിവില്ല. പക്ഷേ മോഡി പണിയുന്ന അംബേദ്കര്‍ സ്മാരകത്തിനടിയില്‍ ചിന്തപ്പെട്ട രോഹിത് വെമുലമാരുടെ  രക്തം സ്മാരകത്തിനു ഉറപ്പേകിയാലും മോഡി ഭരണകൂടത്തിന്റെ ഉറപ്പിനെ തകര്‍ക്കും ; ഉറപ്പ്.
Next Story

RELATED STORIES

Share it