'രാമക്ഷേത്രം' തകര്‍ത്ത ബിജെപി നേതാക്കള്‍ക്കെതിരേ ഹിന്ദുമഹാസഭ

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത് 23 വര്‍ഷത്തിനുശേഷം അഖില ഭാരതീയ ഹിന്ദു മഹാസഭ ''പള്ളിക്കകത്തെ ക്ഷേത്രം'' പൊളിച്ച ബിജെപി നേതാക്കള്‍ക്കെതിരേ നിയമനടപടിക്കൊരുങ്ങുന്നു. പള്ളി തകര്‍ക്കുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്ന എല്‍ കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ക്കെതിരേ ഹിന്ദുത്വ സംഘടനയായ ഹിന്ദുമഹാസഭ പരാതി നല്‍കാന്‍ തീരുമാനിച്ചു. പള്ളി മിനാരത്തിനു താഴെ രാമവിഗ്രഹമുണ്ടായിരുന്നു. പള്ളി തകര്‍ക്കപ്പെട്ടപ്പോള്‍ ഇതും തകര്‍ന്നു. അതുകൊണ്ട് പള്ളിക്കകത്തെ ക്ഷേത്രം പൊളിച്ചതില്‍ ബിജെപി നേതാക്കളും പ്രതികളാണെന്നാണ് സംഘടന പറയുന്നത്.
പള്ളിമിനാരത്തിനു താഴെയുള്ള സ്ഥലം രാമനാല്‍ അനുഗ്രഹിക്കപ്പെട്ടതാണെന്ന് എല്ലാവരും അംഗീകരിച്ചതാണ്. മിനാരത്തിനു താഴെയുള്ള സ്ഥലത്ത് മുസ്‌ലിംകള്‍ നമസ്‌കരിച്ചിരുന്നില്ല. ബിജെപി നേതാക്കള്‍ മന്ദിരം തകര്‍ക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ചു. കെട്ടിടം മൊത്തമായി അവര്‍ പൊളിച്ചു. അതായത് ക്ഷേത്രവും പള്ളിയും തകര്‍ക്കപ്പെട്ടു. അത് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഹിന്ദു താല്‍പര്യം സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ തന്നെയാണ് ക്ഷേത്രം തകര്‍ത്തത്- ഹിന്ദു മഹാസഭ ദേശീയ അധ്യക്ഷന്‍ സ്വാമി ചക്രപാണി ദേശീയ മാധ്യമത്തോട് പറഞ്ഞു. തര്‍ക്കസ്ഥലത്ത് മുസ്‌ലിം സഹോദരങ്ങളുടെ സഹകരണമില്ലാതെ ക്ഷേത്രനിര്‍മാണം സാധ്യമല്ലെന്നും മുസ്‌ലിംകള്‍ക്ക് പള്ളി നിര്‍മിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഭൂമി അനുവദിക്കണമെന്നും ചക്രപാണി പറഞ്ഞു.
Next Story

RELATED STORIES

Share it