രാജ്യം വിറങ്ങലിച്ച ദുരന്തം; ഉണര്‍ന്നു പ്രവര്‍ത്തിച്ച് ഭരണ സംവിധാനം

തിരുവനന്തപുരം: കൊല്ലം പരവൂരില്‍ നൂറിലേറെപ്പേര്‍ മരിക്കാനിടയായ വെടിക്കെട്ട് ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ നേരിട്ടെത്തിയത് അപകടത്തിന് ദേശീയ ദുരന്തത്തിന്റെ പ്രതീതി സൃഷ്ടിച്ചു. ഇന്നലെ 2.20നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
വെടിക്കെട്ട് അപകടമുണ്ടായ പരവൂര്‍ പുറ്റിങ്കല്‍ ക്ഷേത്രത്തിലെ ദുരന്ത സ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ച കൊല്ലം ജില്ലാ ആശുപത്രിയും അദ്ദേഹം സന്ദര്‍ശിച്ചു. തുടര്‍ന്ന് 2.50ന് ഹെലികോപ്റ്റര്‍ മാര്‍ഗം കൊല്ലത്തെത്തിയ അദ്ദേഹം 3.05ന് ജില്ലാ ജനറല്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എന്‍ കെ പ്രേമചന്ദ്രന്‍ എംപി, എയിംസ്, ആര്‍എംഎല്‍, സഫ്ദര്‍ജങ് ആശുപത്രി എന്നിവിടങ്ങളില്‍നിന്നുള്ള 15 ഡോക്ടര്‍മാര്‍ എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം ജില്ലാ ആശുപത്രിയിലെത്തിയിരുന്നു. തുടര്‍ന്ന് കൊല്ലം ഗസ്റ്റ് ഗൗസില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. അതിനുശേഷമാണ് അപകടം നടന്ന പരവൂരിലെ പുറ്റിങ്കല്‍ ക്ഷേത്രം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. തിരുവനന്തപുരത്ത് മടങ്ങിയെത്തിയ മോദി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട പരിക്കേറ്റവരെയും സന്ദര്‍ശിച്ചശേഷമാണ് ഡല്‍ഹിക്ക് തിരിച്ചത്. ഗവര്‍ണര്‍ പി സദാശിവം, ചീഫ് സെക്രട്ടറി പി കെ മൊഹന്തി എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു. രാവിലെ 11 മണിയോടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ മെഡിക്കല്‍ കോളജിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു.
പുലര്‍ച്ചെ 3.30നുണ്ടായ അപകടം പുറംലോകമറിഞ്ഞപ്പോള്‍തന്നെ ഭരണസംവിധാനങ്ങളും ഉണര്‍ന്നുപ്രവര്‍ത്തിച്ചു. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് നടന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പൊള്ളലേറ്റവരെ ചികില്‍സിക്കാനുള്ള അത്യാധുനികസംവിധാനങ്ങളും സജ്ജരാക്കി. കൊച്ചിയില്‍നിന്നും വിദഗ്ധ ഡോക്ടര്‍മാര്‍ തിരുവനന്തപുരത്തെത്തി. അപകടത്തില്‍പ്പെട്ടവരുടെ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രത്യേക കണ്‍ട്രോള്‍ റൂമും പബ്ലിക് റിലേഷന്‍ ഓഫിസും സജീവമായി പ്രവര്‍ത്തിച്ചു.
തിരുവനന്തപുരം ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിന്അഞ്ച് കെഎസ്ആര്‍ടിസി ബസ്സുകള്‍ അപകടസ്ഥലത്തേക്ക് അയച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രിമാര്‍ ആശുപത്രിയിലും അപകടസ്ഥലത്തും സജീവമായി. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും നാവിക, വ്യോമസേനകളുടെ സഹായവും തേടി. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ വിട്ടുനല്‍കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോടാവശ്യപ്പെട്ട പ്രകാരമാണ് ഇരുസേനകളും രംഗത്തുവന്നത്.
Next Story

RELATED STORIES

Share it