thrissur local

രാജവെമ്പാലക്ക് കൂളര്‍, എമുവിന് ഷവര്‍; മൃഗശാലയില്‍ ചൂട് പ്രതിരോധിക്കാന്‍ നടപടികളായി

തൃശൂര്‍: ചൂട് പ്രതിരോധിക്കാ ന്‍ തൃശൂര്‍ മൃഗശാലയില്‍ നടപടികള്‍ ആരംഭിച്ചു. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ശരീരം തണുപ്പിക്കാന്‍ വെള്ളം എത്തിച്ചാണ് അധികൃതരുടെ നടപടി. രാജവെമ്പാലക്ക് കൂളറും എമുവിന് ഷവറും സ്ഥാപിച്ചിട്ടുണ്ട്. എമു പക്ഷിക്ക് ചൂടില്‍ നിന്നും ശമനം കിട്ടാനായി കൂട്ടിനകത്താണ് ഷവര്‍ സ്ഥാപിച്ചിട്ടുള്ളത്. ഉച്ച നേരത്ത് ഷവര്‍ തുറക്കും.
രാജവെമ്പാലയുടെ കൂട്ടില്‍ ചെറിയ കൂളറുകള്‍ ഫിറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ തണുപ്പു കിട്ടാനായി മുളയുടെ ഇലകള്‍ കൂടിനകത്ത് ഇട്ടുകൊടുത്തിട്ടുണ്ട്. മറ്റു പാമ്പുകളുടെ കൂടുകളില്‍ ചെറിയ ചട്ടികളില്‍ വെള്ളം നിറച്ചു വച്ചിട്ടുണ്ട്. ചൂടു സഹിക്കാന്‍ വയ്യാതാകുമ്പോള്‍ അവ ഇതില്‍ കയറി കിടക്കും. കാട്ടുപോത്തുകളെ പൈപ്പ് ഉപയോഗിച്ച് മൃഗശാല ജീവനക്കാര്‍ നനയ്ക്കുകയാണ് ചെയ്യുന്നത്.
പുലി, കടുവ, സിംഹം തുടങ്ങിയവയുടെ കൂടുകള്‍ക്കകത്തുള്ള തൊട്ടികളില്‍ വെള്ളം നിറച്ചു കൊണ്ടിരിക്കും. ചൂട് അധികമാകുമ്പോള്‍ ഇവ വന്ന് ഇതില്‍ കയറി കിടക്കും. മ്ലാവിന്റെ കൂടിനോടു ചേര്‍ന്നുള്ള ഓടകളില്‍ ചെളിയോടു കൂടിയ വെള്ളം കെട്ടി നിറുത്തിയിരിക്കുകയാണ്. മ്ലാവുകള്‍ക്ക് ഇതില്‍ കിടക്കാനാണ് പ്രിയം.
പക്ഷികളുടെ കൂട്ടില്‍ വെള്ളം നിറച്ചു വച്ചിട്ടുണ്ട്. മൃഗശാല കോമ്പൗണ്ടില്‍ ധാരാളം വലിയ മരങ്ങള്‍ ഉള്ളതു കൊണ്ട് പൊതുവെ ചൂട് അധികം അനുഭവപ്പെടാറില്ലെന്നും പുറത്തെ ചൂടിന്റെ പ്രതിഫലനം മൃഗശാലയിലെ മൃഗങ്ങളിലുണ്ടായിട്ടില്ലെന്നും മൃഗശാല സൂപ്രണ്ട് അനില്‍കുമാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it