രണ്ടരക്കോടിയുടെ കുഴല്‍പ്പണം പിടികൂടി

പാലക്കാട്: പാലക്കാട് റെയില്‍വേ ജങ്ഷനു സമീപത്തുനിന്ന് രണ്ടരക്കോടിയുടെ കുഴല്‍പ്പണവുമായി നാലു പേരെ ആദായനികുതി വകുപ്പ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. മലപ്പുറം ആനമങ്ങാട് സ്വദേശി ഷംസുദ്ദീന്‍ (42), കൊടുവള്ളി സ്വദേശികളായ ഷബീര്‍ അലി (32), സക്കീര്‍ ഹുസയ്ന്‍ (40), റഫീഖ് (28) എന്നിവരെയാണു പിടികൂടിയത്.
ഇതില്‍ ഷംസുദ്ദീനാണ് മുഖ്യപ്രതിയെന്നും മറ്റു മൂന്നുപേര്‍ പണം കടത്തുന്ന ഇടനിലക്കാരാണെന്നും അന്വേഷണസംഘം ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാലുപേര്‍ക്കുമെതിരേ വാണിജ്യനികുതി വകുപ്പ് കേസെടുത്തു. പാലക്കാട് വാളയാറില്‍ നിന്നു കൈമാറിയ കുഴല്‍പ്പണമാണ് പ്രതികളുടെ കൈയില്‍ ഉണ്ടായിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ന് ബംഗളൂരുവില്‍ നിന്ന് ഐലന്‍ഡ് എക്‌സ്പ്രസില്‍ പാലക്കാട് റെയില്‍വേ ജങ്ഷനില്‍ വന്നിറങ്ങിയ സംഘം കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേയാണ് കുഴല്‍പ്പണവുമായി പിടിയിലായത്. കാറിന്റെ പിന്‍സീറ്റിലുള്ള രഹസ്യ അറയില്‍ 500ന്റെയും 1000ന്റെയും കെട്ടുകളിലായി മൊത്തം രണ്ടരക്കോടി രൂപയുടെ കുഴല്‍പ്പണമാണ് ഇവര്‍ ഒളിപ്പിച്ചിരുന്നതെന്നും അന്വേഷണസംഘം പറഞ്ഞു.
കഴിഞ്ഞ മാസം പെരിന്തല്‍മണ്ണ പോലിസ് പിടികൂടിയ സംഘവുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷിച്ചു വരുകയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കു വിതരണം ചെയ്യാനായി കൊണ്ടുവന്നതാണ് കുഴല്‍പ്പണമെന്നു കരുതുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ സഞ്ജയ് ജോസഫ് പറഞ്ഞു.
Next Story

RELATED STORIES

Share it