രഘുറാം രാജനെ മാറ്റണം: പ്രധാനമന്ത്രിക്ക് സുബ്രഹ്മണ്യന്‍ സ്വാമിയുടെ കത്ത്

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ബിജെപി രാജ്യസഭ എംപി സുബ്രഹ്മണ്യന്‍ സ്വാമി കത്തെഴുതി. രഘുറാം രാജന്‍ ഇന്ത്യന്‍ സമ്പദ്ഘടനയെ തകര്‍ക്കുകയാണെന്നും അദ്ദേഹത്തെ ഉടന്‍ സ്ഥാനത്തു നിന്ന് നീക്കണമെന്നുമാവശ്യപ്പെട്ടാണ് സ്വാമി കത്തെഴുതിയത്. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയെ നശിപ്പിച്ച ആളാണ് രഘുറാം രാജനെന്ന് സുബ്രഹ്മണ്യന്‍ സ്വാമി നേരത്തെ വിമര്‍ശിച്ചിരുന്നു. പലിശനിരക്ക് കൂട്ടിയത് ഇന്ത്യയില്‍ തൊഴിലില്ലായ്മ വര്‍ധിക്കാന്‍ കാരണമായി. ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ തകര്‍ന്നതില്‍ പൂര്‍ണ ഉത്തരവാദിത്തം അദ്ദേഹത്തിനാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി കത്തില്‍ പറയുന്നു. ഇന്ത്യയിലെ ചെറുതും വലുതുമായ വ്യവസായസംരംഭങ്ങള്‍ നാശത്തിന്റെ വക്കിലാണെന്നും ഇത് യുവ സംരംഭകരുടെ പ്രതീക്ഷ ഇല്ലാതാക്കിയെന്നും കത്തിലുണ്ട്.
യുഎസില്‍ ഗ്രീന്‍ കാര്‍ഡ് ഉള്ള റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇന്ത്യക്കാരനല്ലെന്നും അതുകൊണ്ട് അദ്ദേഹം ഷിക്കാഗോയിലേക്ക് മടങ്ങിപ്പോവുന്നതാണു നല്ലതെന്നും സ്വാമി പറയുന്നു. 2014ല്‍ അധികാരത്തില്‍ വന്ന നരേന്ദ്രമോദി ഗവണ്‍മെന്റുമായി ആദ്യം നല്ല ബന്ധത്തിലായിരുന്ന രാജന്‍ പിന്നീട് കേന്ദ്രസര്‍ക്കാരുമായി അകലുകയായിരുന്നു. 2013ല്‍ യുപിഎ കാലത്തായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണറായി രഘുറാം രാജന്‍ ചുമതലയേറ്റത്. ഷിക്കാഗോ യൂനിവേഴ്‌സിറ്റിയിലെ സാമ്പത്തികവിഭാഗം പ്രഫസര്‍ ആയിരുന്നു അദ്ദേഹം.
അതിനിടെ സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരേ കോണ്‍ഗ്രസ് എംപി ശാന്താറാം നായിക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. അഗസ്ത വെസ്റ്റ്‌ലാന്റ് അഴിമതിയുമായി ബന്ധപ്പെട്ട് സോണിയഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ അരോപണങ്ങളടങ്ങിയ വെബ്‌സൈറ്റ് റിപോര്‍ട്ടിന്റെ പകര്‍പ്പ് സ്വാമി സഭയില്‍ സമര്‍പ്പിച്ചതിനാണ് നോട്ടീസ്.
വെബ്‌സൈറ്റ് റിപോര്‍ട്ടില്‍ സോണിയ, അഹ്മദ് പട്ടേല്‍, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരുടെ പേരുണ്ട്. രാജ്യസഭാ ചെയര്‍മാന്‍ ഹാമിദ് അന്‍സാരിക്കാണ് നായിക് നോട്ടീസ് നല്‍കിയത്.
Next Story

RELATED STORIES

Share it