യോഗയെപ്പറ്റി ഒരു ചാനല്‍യോഗം

യോഗയെപ്പറ്റി ഒരു ചാനല്‍യോഗം
X
o-abdullah
ഒ അബ്ദുല്ല




ജൂണ്‍ 21 വെറും ഒരു ജൂണ്‍ 21 അല്ല. ആ ദിവസത്തിന് പല സവിശേഷതകളുമുണ്ട്. അന്നാണത്രെ ഹൈന്ദവ വിശ്വാസമനുസരിച്ച് പരമശിവന്‍ യോഗാഗുരുവായി അവതരിച്ചത്. സൂര്യഗോളം ഭൂമിക്കു മുകളില്‍ അത്യുഗ്ര ശക്തിയോടെ പ്രശോഭിതമായി പ്രത്യക്ഷപ്പെടുന്നതും അതേ ദിവസം. ഈ ദിവസത്തിന് മഹത്ത്വം ചാര്‍ത്തുന്ന മറ്റൊരു നടപടി കൂടി ഉണ്ടായി ഈ വര്‍ഷം. ഇന്ത്യയുടെ പ്രധാനമന്ത്രി മോദി വിദേശപര്യടനത്തിനിടെ ഒരല്‍പസമയം കഷ്ടിച്ചുണ്ടാക്കി സ്വന്തം രാജ്യത്ത് പറന്നുവന്ന് മലര്‍ന്നും കമിഴ്ന്നും കിടന്ന് രാജ്യത്തിന്റെ മുമ്പാകെ യോഗാസനത്തില്‍ പ്രത്യക്ഷപ്പെട്ടു. സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തപ്പെടുന്ന ക്വിസ് പ്രോഗ്രാമില്‍ ഇനിയങ്ങോട്ട് ജൂണ്‍ 21ന്റെ സവിശേഷതകളാരായുന്ന കൂട്ടത്തില്‍ മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളില്‍ ഏറ്റവും മഹത്തരമായി ഈ സംഭവം സ്ഥാനംപിടിക്കുമെന്ന കാര്യം തീര്‍ച്ച.
ഏകദൈവ വിശ്വാസവുമായി ഏറെ ബന്ധപ്പെട്ട വിഷയമാകയാല്‍ തല്‍ക്കാലം രാത്രിനമസ്‌കാരത്തിന്റെ ജമാഅത്ത് ഉപേക്ഷിച്ച ഈ ലേഖകനും അന്നേദിവസം യോഗ സംബന്ധമായ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. സെബാസ്റ്റിയന്‍പോള്‍, സി ആര്‍ നീലകണ്ഠന്‍, ബിജെപി വക്താവ് പത്മകുമാര്‍ മുതല്‍ പേരായിരുന്നു ചാനലിലെ ഇതര 'ജൂറി'കള്‍. തലേദിവസം ഒരു യോഗാഗുരു ഒരു ചാനലിന് നല്‍കിയിരുന്ന അഭിമുഖം ശ്രദ്ധിച്ചിരുന്നു. യോഗ ആരോഗ്യവര്‍ധന ലക്ഷ്യം വച്ചുള്ള ഒരായോധനകലയാണ് എന്ന വസ്തുത അംഗീകരിക്കുന്നതോടൊപ്പം യോഗയിലേക്കു പ്രവേശിക്കവെ ധ്യാനത്തിന്റെ ഭാഗമായി എന്തിന് ചില പ്രത്യേക കീര്‍ത്തനങ്ങള്‍ ചൊല്ലണം എന്ന ചോദ്യത്തിന് ഗുരു കൃത്യമായ ഉത്തരം പറയുന്നതിനു പകരം അദ്ദേഹം ചോദ്യത്തെ തമാശയായി തള്ളിക്കളയുകയായിരുന്നു. സൂര്യന്‍ ഏറ്റവും വലിയ ഊര്‍ജസ്രോതസ്സായിരിക്കെ സൂര്യഭഗവാനെ നമിക്കാന്‍ എന്തിനു മടിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ചിരിയുടെ താല്‍പര്യം.
ചാനല്‍ ചര്‍ച്ചയില്‍ പ്രധാനമായും ബിജെപി പ്രതിനിധി ശ്രമിച്ചത് യോഗയെ എതിര്‍ക്കുന്നവര്‍ക്ക് യോഗയുടെ ആമുഖമായ കീര്‍ത്തനത്തിന്റെ ഭാഷ(സംസ്‌കൃതം)യോടാണോ എതിര്‍പ്പ് അതോ ഉള്ളടക്കത്തോടോ എന്ന വഴിതിരിച്ചുവിടുന്ന വിവാദത്തില്‍ ചര്‍ച്ചയെ കുറുക്കിക്കെട്ടാനാണ്. കീര്‍ത്തനഭാഷ സംസ്‌കൃതമാണോ ഹീബ്രുവാണോ എന്നതു പ്രശ്‌നമേയല്ലെന്ന് തീര്‍ത്തുപറഞ്ഞിട്ടും അതിന്റെ ഉള്ളടക്കത്തോടാണ് എതിര്‍പ്പെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടും വക്താവ് പിടിച്ചപിടി അയക്കാന്‍ കൂട്ടാക്കിയില്ല.
സൂര്യന്‍ വലിയൊരു ഊര്‍ജസ്രോതസ്സാണ് എന്ന കാര്യം നിസ്തര്‍ക്കം. എന്നാല്‍, സൂര്യചന്ദ്ര സമസ്ത നക്ഷത്രാദികള്‍ക്കും ഊര്‍ജം പ്രദാനം ചെയ്ത, അളന്നുതിട്ടപ്പെടുത്താന്‍ ആവാത്ത ഊര്‍ജത്തിന്റെ ഉടമയായ ഒരു പരാശക്തിയുണ്ട്. ആ പരാശക്തിയാണ് സൂര്യനെ സൃഷ്ടിച്ചത്, ചന്ദ്രനെ സൃഷ്ടിച്ചത്. സര്‍വമാന അണ്ഡകടാഹങ്ങളെയും സൃഷ്ടിച്ചത്. ഈ ശക്തിയാണ് ചര്‍ച്ചയില്‍ പങ്കെടുത്ത ഒ അബ്ദുല്ലയെയും ബിജെപി വക്താവ് പത്മകുമാറിനെയും സൃഷ്ടിച്ചത്. അതുകൊണ്ട് പരാശക്തിയെയാണ്, അല്ലാതെ സൃഷ്ടി മാത്രമായ കല്ലുകരടുകാഞ്ഞിരക്കുറ്റിയെയല്ല ആരാധിക്കേണ്ടതും വന്ദിക്കേണ്ടതുമെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ചര്‍ച്ചയെ ആ വഴിക്ക് തിരിച്ചുവിടാനായില്ല.
ഏകദൈവ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരു ആരോഗ്യസംവര്‍ധക വിദ്യ എന്ന നിലയ്ക്ക് യോഗയെ എതിര്‍ക്കേണ്ട ഒരാവശ്യവുമില്ല. എന്നാല്‍, തൗഹീദിന്- ഏകദൈവ വിശ്വാസത്തിന്- കടകവിരുദ്ധമായ ആശയങ്ങളുടെ മേമ്പൊടി ചേര്‍ത്തുകൊണ്ടുള്ള യോഗ അവര്‍ക്ക് ഒട്ടും സ്വീകാര്യമല്ല. സകലശക്തിയും ഉപയോഗിച്ച് അവരതിനെ എതിര്‍ക്കുമെന്ന് തറപ്പിച്ചുപറഞ്ഞപ്പോള്‍ രസകരമായിരുന്നു ബിജെപി വക്താവിന്റെ നിലപാട്. താനടക്കമുള്ളവര്‍ ചെറുപ്പത്തില്‍ വെള്ളിയാഴ്ച ദിവസം ഇതര ദിവസങ്ങളില്‍നിന്ന് വ്യത്യസ്തമായി കാലത്ത് ഒമ്പതരയ്ക്ക് സ്‌കൂളിലെത്തുകയുണ്ടായി. ഇതരമതസ്ഥരുടെ വിശ്വാസത്തിന്റെ ഭാഗമായി താനടക്കമുള്ളവര്‍ ഇത്രയൊക്കെ സഹിക്കേണ്ടിവന്നപ്പോള്‍ ഒ അബ്ദുല്ലയ്ക്ക് എന്തുകൊണ്ട് രണ്ടുമിനിറ്റ് നേരം രാജ്യത്തിന്റെ ഉദ്ഗ്രഥനത്തിന്റെ ഭാഗമായി സ്‌തോത്രം ചൊല്ലിക്കൂടാ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. 10 മണിക്കു പകരം ആഴ്ചയില്‍ ഒരിക്കല്‍ വെള്ളിയാഴ്ച അരമണിക്കൂര്‍ നേരത്തേ സ്‌കൂളിലെത്തുക വഴി ആരുടെയും വിശ്വാസത്തിന് ഭംഗംവരുന്നില്ല എന്ന കാര്യം ഏവര്‍ക്കുമറിയാം.
മറുവശത്ത് രണ്ടുമിനിറ്റ് എടുത്തായാലും അരമിനിറ്റുകൊണ്ടായാലും ഏകദൈവ വിശ്വാസത്തിന് വിരുദ്ധമായ ചില വാക്കുകള്‍ മൊഴിയുമ്പോള്‍ അത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഗൗരവതരമായ പ്രശ്‌നം തന്നെയാണ്. ഇക്കാര്യം ന്യൂസ് റൂമില്‍ വിഷയം കൈകാര്യം ചെയ്ത വേണു ആവര്‍ത്തിച്ച് എടുത്തുപറഞ്ഞിട്ടും ബിജെപി വക്താവ് വഴങ്ങിയില്ല. പകരം അദ്ദേഹം ചര്‍ച്ചയെ മലപ്പുറത്തെ ഏതോ എല്‍പി സ്‌കൂളിലെ ഉപ്പുമാവ് മുറിയിലേക്കു കൊണ്ടുപോയി. റമദാന്‍മാസത്തിലെ പതിവ് ഉച്ചഭക്ഷണത്തിന്റെ അഭാവത്തില്‍ മലപ്പുറത്തെ സ്‌കൂള്‍ കുട്ടികള്‍ വിശന്ന് വൈകീട്ടു നാലുമണിയോടെ തളര്‍ന്നുവീഴുകയാണത്രെ. വ്രതമനുഷ്ഠിക്കാത്ത ഇതരമതസ്ഥരായ സ്‌കൂള്‍ കുട്ടികള്‍ക്ക് വീട്ടില്‍നിന്ന് ഒരുമാസക്കാലം യഥേഷ്ടം ഭക്ഷണം കൊണ്ടുവരാം; സ്‌കൂള്‍ അധികൃതര്‍ക്ക് അവര്‍ക്കായി ഉപ്പുമാവ് കുറുക്കുകയുമാവാം. അവര്‍ മുസ്‌ലിംകളല്ലാത്തവര്‍ നോമ്പുനോല്‍ക്കണം എന്നു പറയുന്നുണ്ടോ എന്നേ ശ്രദ്ധിക്കേണ്ടതുള്ളൂ. മറിച്ച് ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട ഒരു ന്യൂനപക്ഷത്തിന്റെ താല്‍പര്യത്തിനനുസൃതമായി ഒഴുകല്‍ മാത്രമാണ് ഉദ്ഗ്രഥനം, മറിച്ചുള്ളതെല്ലാം വിഘടനത്തിന്റെ ലക്ഷണമാണെന്ന വാശിയില്‍ സംഘപരിവാര സുഹൃത്ത് ഉറച്ചുനിന്നു.
പറഞ്ഞുപോവുന്നപോക്കില്‍ ബിജെപി വക്താവ് കടിക്കാത്ത തളിരുകളോ ഇലകളോ ഇല്ല. ഇന്ത്യ ഒരു മതേതര രാജ്യമായി നിലനില്‍ക്കാന്‍ കാരണം രാജ്യത്തെ ഭൂരിപക്ഷം വരുന്നവര്‍ ഹിന്ദുക്കളായതുകൊണ്ടാണെന്ന് അദ്ദേഹം നിര്‍ദയം തട്ടിവിട്ടു. മുസ്‌ലിംകള്‍ക്കോ ക്രൈസ്തവര്‍ക്കോ ഇങ്ങനെയൊന്നവകാശപ്പെടാനില്ലെന്നും പറഞ്ഞുകളഞ്ഞു അദ്ദേഹം. എങ്കില്‍ അമേരിക്കയും ബ്രിട്ടനുമൊക്കെ എങ്ങനെ സെക്കുലര്‍ രാജ്യങ്ങളായി എന്ന സംശയം അവശേഷിക്കുന്നു. 90 ശതമാനം മുസ്‌ലിംകള്‍ അധിവസിക്കുന്ന തുര്‍ക്കിയും ഇന്തോനീസ്യയും ലോകത്തെ എണ്ണംപറഞ്ഞ മതേതര രാജ്യങ്ങളായതെങ്ങനെ എന്ന എന്റെ മറുചോദ്യത്തിന് മറുപടി ഉണ്ടായില്ല. ഹിന്ദു ഭൂരിപക്ഷമായിരുന്നിട്ടും നേപ്പാള്‍ എന്തുകൊണ്ട് ഈയിടെ പുതിയ ഭരണഘടന ആവിഷ്‌കരിക്കുന്നതുവരെ സെക്കുലറായില്ല എന്ന് ചോദിക്കാന്‍ തോന്നായ്കയല്ല. ചോദിച്ചില്ല. കാരണം, വായില്‍ വരുന്നതെല്ലാം വക്താവിന് കോതപ്പാട്ടായിരിക്കെ എന്തിന് ചോദിച്ചു  സമയംകളയണം.
ഇന്ത്യ മതേതര രാജ്യമായത് ഇവിടത്തെ ജനതയില്‍ ഭൂരിപക്ഷം ഹൈന്ദവരായതുകൊണ്ടാണ് എന്ന അവകാശവാദത്തെ വിസമ്മതിക്കവെ തന്നെ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ നേരിയ ഭൂരിപക്ഷത്തില്‍ തൂങ്ങിനില്‍ക്കുന്ന ഇന്ത്യന്‍ മതേതരത്വം സംഘപരിവാരത്തിന് അവിടെയും ഭൂരിപക്ഷം ലഭിക്കുന്ന മുറയ്ക്കു നടുവൊടിഞ്ഞുവീഴുമെന്ന കാര്യത്തില്‍ ബിജെപി വക്താവ് ഒഴികെയുള്ള ചര്‍ച്ചയില്‍ പങ്കെടുത്തവരത്രയും ഏകാഭിപ്രായക്കാരായിരുന്നു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം മതേതരത്വം ഏട്ടിലെ പശു മാത്രമാണ്. അത് പാല്‍ ചുരത്തുകയോ പുല്ലു തിന്നുകയോ ചെയ്യില്ല. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ അറവിനുകൊടുക്കാനും പറ്റില്ല. മതേതരത്വം എന്ന മഹത് സങ്കല്‍പം കോണ്‍ഗ്രസ് അധികാരത്തിലായിരിക്കവെ തന്നെ കടലെടുത്ത് ഭിത്തികള്‍ നഷ്ടപ്പെട്ട പരുവത്തിലെത്തിയിരുന്നു. സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത ദിവസം തീരുമാനിക്കുന്നത് ആസ്ഥാന ജ്യോല്‍സ്യന്‍മാര്‍, സത്യപ്രതിജ്ഞ ചെയ്യുന്ന സമയം നിശ്ചയിക്കുന്നത്   രാഹു-കേതുക്കള്‍.
തീവ്ര യുക്തിചിന്തയിലും ശാസ്ത്രബോധത്തിലും അധിഷ്ഠിതമായ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത് ഭൂമിപൂജകൊണ്ട്. തമിഴ്‌നാട് മുതലായ സംസ്ഥാനങ്ങളില്‍ പാവപ്പെട്ട, സ്‌റ്റേറ്റ് വാഹനങ്ങള്‍ ഓടുന്നത് പലതരം കാളികൂളി കുട്ടിച്ചാത്തന്‍മാരുടെ കരുണാകടാക്ഷത്തോടെ! ശാസ്ത്രവിജ്ഞാനത്തിന്റെ മഹത് കേന്ദ്രമായ ഐഎസ്ആര്‍ഒ മിസൈല്‍ വിക്ഷേപണം നടത്തുന്നത് അവയുടെ മാതൃകയുണ്ടാക്കി പൂജിച്ചശേഷം. ആയുധപൂജ മുതലായ ആരാധനാഘോഷങ്ങളുടെ കഥ പറയുകയും വേണ്ട. സംഘപരിവാരം അധികാരത്തില്‍ വന്നതോടെ ഇന്ത്യന്‍ മതേതരത്വം പൂര്‍ണമായും കടലെടുക്കപ്പെടുക എന്നത് സമയത്തിന്റെ മാത്രം പ്രശ്‌നമാണ്.
ഈ വക കാര്യങ്ങളെല്ലാം ചര്‍ച്ചയില്‍ ഭാഗികമായി പരാമര്‍ശിക്കപ്പെട്ടു. ന്യൂസ് റൂമിലിരുന്ന എഡിറ്ററുടെ ഒരു ചോദ്യം താങ്കള്‍ യോഗ ചെയ്യാറുണ്ടോ എന്നായിരുന്നു. എന്റെ നാട്ടിന്‍പുറത്തെ ഒരു ഡോക്ടര്‍ തന്റെ രോഗിയോട് ചോദിച്ച ചോദ്യവും ഉത്തരവുമാണ് അന്നേരം ഓര്‍മവന്നത്. നിങ്ങള്‍ക്ക് മലബന്ധമുണ്ടോ എന്നായിരുന്നു ഡോക്ടര്‍ ആരാഞ്ഞത്. അതിന് രോഗിയുടെ ഉത്തരം ഞാനിപ്പോള്‍ മലയില്‍ പോവാറില്ല, മകന്‍ മുഹമ്മദ് പോവാറുണ്ട് എന്നായിരുന്നു അന്നു പറഞ്ഞത്. ഞാന്‍ യോഗ ചെയ്യാറില്ല. മകന്‍ ഉമര്‍ തസ്‌നീം ചെയ്യാറുണ്ട്. 20 വര്‍ഷമായി അവനത് അനുസ്യൂതം നിര്‍വഹിക്കുന്നു. അവന്റെ പല രോഗങ്ങള്‍ക്കും യോഗ പരിഹാരമാണെന്നാണ് അവന്റെ അനുഭവം. എന്നുവച്ചാല്‍ യോഗയോട് ആര്‍ക്കും ഒരെതിര്‍പ്പുമില്ല. മറിച്ച് അതിലൂടെ ഹിന്ദുത്വ മതരാഷ്ട്രീയം ശ്വസിക്കണമെന്നു പറയുന്നതിനോടാണ് പരക്കെ എതിര്‍പ്പ്.                  $
Next Story

RELATED STORIES

Share it