Flash News

യു.എ.ഇയില്‍ നികുതി നടപ്പാക്കുമെന്ന് ധനമന്ത്രി

ദുബയ്: യു.എ.ഇയില്‍ നികുതി സമ്പ്രദായം നടപ്പാക്കുമെന്ന് ധനമന്ത്രി. എന്നാല്‍ നടപ്പാക്കും മുന്‍പ് സര്‍ക്കാര്‍ ഇക്കാര്യം വിശദമായി വിലയിരുത്തുമെന്ന് മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി പറഞ്ഞു.
ഇക്കാര്യത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹരിക്കാന്‍ സര്‍ക്കാറിന് സംവിധാനങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്യും. കൂടാതെ തങ്ങളുടെ മത്സരക്ഷമതയെ ഇത് എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കും.
യു.എ.ഇ ജി.സി.സിയുടെ ഭാഗമാണ്. ആയതിനാല്‍ തന്നെ ചില പൊതു നയങ്ങളുണ്ട്. സര്‍ക്കാറിനും ജനങ്ങള്‍ക്കും ഗുണകരമാണെന്ന് കാണുകയാണെങ്കില്‍ മറ്റു രാഷ്ട്രങ്ങള്‍ ചെയ്യുന്നതു പോലെ ഇവിടെയും നികുതി വ്യവസ്ഥ നടപ്പാക്കും-മന്ത്രി വ്യക്തമാക്കി.
ഏത് തരത്തിലുള്ള നികുതിയാണ് നടപ്പാക്കുക, സമയക്രമം തുടങ്ങി കൂടുതല്‍ വിവരങ്ങള്‍ മന്ത്രി വെളിപ്പെടുത്തിയില്ല. കോര്‍പ്പറേറ്റ് നികുതി്, റെമിറ്റന്‍സ് ടാക്‌സ്, മൂല്യ വര്‍ധിത നികുതി (വാറ്റ്) തുടങ്ങിയവ നടപ്പാക്കുന്ന കാര്യം യു.എ.ഇ നേരത്തെ ആലോചിച്ചിരുന്നു. എണ്ണവില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് വരുമാനം ഗണ്യമായി കുറഞ്ഞതാണ് നികുതിയെ കുറിച്ച് ആലോചിക്കാന്‍ യു.എ.ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളെ പ്രേരിപ്പിക്കുന്നത്. മറ്റു ജി.സി.സി രാജ്യങ്ങളോടൊപ്പം മൂല്യവര്‍ധിത നികുതി (വാറ്റ്) നടപ്പാക്കാനുള്ള നിയമം കൊണ്ടു വരുമെന്ന് ആഗസ്തില്‍ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നികുതി നിരക്ക്, നികുതി ഇളവ് പട്ടിക എന്നീ കാര്യങ്ങളില്‍ ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ അന്തിമ കരാര്‍ പ്രാബല്യത്തില്‍ വരാന്‍ വൈകിയതു മൂലം കരട് നിയമം ഇപ്പോഴും പരിഗണനയിലാണെന്ന് ധനമന്ത്രാലയം വ്യക്തമാക്കുന്നു.

നികുതി നടപ്പാക്കുന്നതിന്റെ സാധ്യതയും അതുവഴി ഉണ്ടാകുന്ന സാമൂഹ്യ സാമ്പത്തിക മാനങ്ങളും പഠിക്കാന്‍ 2014 മുതല്‍ തന്നെ മന്ത്രാലയം ശ്രമം തുടങ്ങിയിട്ടുണ്ട്. 2015ല്‍ ആണ് പഠനങ്ങള്‍ പൂര്‍ത്തിയായത്. മേഖലയുടെ സമ്പദ് വ്യവസ്ഥയിലും യു.എ.ഇയുടെ മത്സരക്ഷമതയിലും ഉണ്ടാകുന്ന ആഘാതമാണ് പഠന വിധേയമാക്കിയത്. നികുതി കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയാല്‍ വാറ്റ് നിയമത്തെ കുറിച്ച് പ്രഖ്യാപനമുണ്ടാകും. നിയമം നടപ്പായി 18 മാസങ്ങള്‍ക്കകം ബന്ധപ്പെട്ട വകുപ്പുകള്‍ നികുതി സംബന്ധമായ മാര്‍ഗദര്‍ശനങ്ങള്‍ നടപ്പാക്കണം.
Next Story

RELATED STORIES

Share it