യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരും: വക്കം

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് മുന്‍ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നിന്ന് സഹായം ലഭിച്ചവരുടെ വോട്ട് മാത്രം മതി ഈ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്താന്‍. 2011-2016 കാലയളവില്‍ മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തി പിആര്‍ഡി പ്രസിദ്ധീകരിച്ച 'കേരളത്തിനൊപ്പം നാലരപ്പതിറ്റാണ്ട്' എന്ന പുസ്തകത്തിന്റെ പ്രകാശനം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സൂക്ഷിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ വീണ്ടും അധികാരത്തില്‍ വരാമെന്ന് മുഖ്യമന്ത്രിയെ കാണുമ്പോഴെല്ലാം പറയാറുണ്ട്. മുമ്പൊരുകാലത്തുമില്ലാത്ത വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കിയതെന്നും വക്കം പറഞ്ഞു. വളരെ മെച്ചപ്പെട്ട ഭരണവുമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. മുഖ്യമന്ത്രി എന്ന നിലയില്‍ ജനസമ്പര്‍ക്ക പരിപാടിയിലൂടെ പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് മുഖ്യമന്ത്രി സഹായം നല്‍കിയത്. ഇവര്‍ക്ക് ഉമ്മന്‍ചാണ്ടിയെ എങ്ങനെ മറക്കാനാവും. ഉമ്മന്‍ചാണ്ടിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ കഴിയുമോയെന്നും വക്കം പറഞ്ഞു.
അനുഭവസമ്പത്താണ് തന്നെ മുന്നോട്ടുനയിക്കുന്നതെന്ന് മറുപടി പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിയുടെ ഒന്നാമത്തെ ഗുണഭോക്താവ് താനാണ്. ഇത്രയും അധികം ജനങ്ങളെ നേരിട്ടുകണ്ട് അവരുമായി ആശയവിനിമയം നടത്താനുള്ള അവസരമാണ് തനിക്ക് ലഭിച്ചത്. താന്‍ നിയമസഭയിലെത്തിയിട്ട് 45 വര്‍ഷം കഴിഞ്ഞു.
എതിരാളികളെ ആദരവോടെ കാണാനും മാനിക്കാനുള്ള വലിയ മനസ്സ് അന്നുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇതെല്ലാം അന്യം വന്നത് കാണുമ്പോള്‍ വിഷമം തോന്നുന്നു. ജനങ്ങള്‍ക്കു വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്ന കാര്യത്തിലായിരുന്നു മുമ്പ് മല്‍സരം. എന്നാല്‍ എങ്ങനെ അധികാരത്തില്‍ എത്താമെന്ന മല്‍സരമാണ് ഇന്ന് നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ സി ജോസഫ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ ബാബു പുസ്തകം ഏറ്റുവാങ്ങി.
Next Story

RELATED STORIES

Share it