യുഡിഎഫ് കണ്‍വീനര്‍ പോസ്റ്ററില്‍നിന്ന് പുറത്ത്; കെപിസിസി ഖേദം പ്രകടിപ്പിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് പുറത്തിറക്കിയ പോസ്റ്ററില്‍ യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനെ ഉള്‍പ്പെടുത്താത്തത് വിവാദമാവുന്നു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നീ ദേശീയ നേതാക്കള്‍ക്കു പുറമേ ഉമ്മന്‍ചാണ്ടി, എ കെ ആന്റണി, വി എം സുധീരന്‍, രമേശ് ചെന്നിത്തല തുടങ്ങി യുഡിഎഫിന്റെ ഒട്ടുമിക്ക കക്ഷിനേതാക്കളുടെയും ചിത്രങ്ങള്‍ പോസ്റ്ററിലുണ്ട്.
യുഡിഎഫിലെ ക്ഷണിതാക്കളായ ജെഎസ്എസിലെ രാജന്‍ബാബു, സിഎംപിയിലെ സി പി ജോണ്‍, ഇപ്പോള്‍ മുന്നണിയിലേക്കെത്തിയ ആര്‍എസ്പിയുടെ എ എ അസീസ് എന്നീ നേതാക്കളുടെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തങ്കച്ചനെ മനപ്പൂര്‍വം ഒഴിവാക്കിയെന്നാണ് ഐ ഗ്രൂപ്പിന്റെ ആരോപണം.
അതേസമയം, പോസ്റ്റര്‍ വിവാദമായ സാഹചര്യത്തില്‍ കെപിസിസി കണ്‍വീനറോട് ഖേദം പ്രകടിപ്പിച്ചു. കെപിസിസി ഖജാഞ്ചി ജോണ്‍സണ്‍ എബ്രഹാമാണ് തങ്കച്ചനോട് ക്ഷമാപണം നടത്തിയത്. ചിത്രം ഒഴിവാക്കിയത് ബോധപൂര്‍വമല്ലെന്നും അച്ചടിക്കിടെയുണ്ടായ പിഴവാണെന്നും ജോണ്‍സണ്‍ അറിയിച്ചു.
തന്റെ ചിത്രം ഒഴിവാക്കിയതില്‍ പരാതിയോ പരിഭവമോ ഇല്ലെന്ന് പി പി തങ്കച്ചന്‍ പ്രതികരിച്ചു. പോസ്റ്ററില്‍ ചിത്രം വരാത്തത് വലിയ കാര്യമായിട്ടു കാണുന്നില്ല. പോസ്റ്ററില്‍ താനില്ലാത്തത് എന്തുകൊണ്ടാണെന്നറിയില്ല. സംഭവത്തെപ്പറ്റി അന്വേഷിച്ചശേഷം കൂടതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വിട്ടുപോയ എല്ലാവരെയും ഉള്‍പ്പെടുത്തി പുതിയ പോസ്റ്റര്‍ അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയതായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it