kozhikode local

മെഡിക്കല്‍ കോളജ് ഫാമിലി മെഡിസിന്‍ വിഭാഗത്തില്‍ വകുപ്പു മേധാവിയില്ല; വിദ്യാര്‍ഥികള്‍ ആശങ്കയില്‍

കോഴിക്കോട്: മെഡിക്കല്‍ കോളജ് ഫാമിലി മെഡിസിന്‍ വിഭാഗത്തില്‍ അധ്യാപകരും വകുപ്പു മേധാവിയുമില്ല. നാലു വര്‍ഷം മുമ്പ് തുടങ്ങിയ വിഭാഗമാണ് ആവശ്യത്തിന് അധ്യാപകരില്ലാത്ത പ്രതിസന്ധിയിലായിരിക്കുന്നത്. മൂന്നു വര്‍ഷം നീളുന്ന പിജി കോഴ്‌സാണ് ഇവിടെയുള്ളത്. ഇതില്‍ രണ്ടുപേര്‍ക്കാണ് പ്രവേശനം. മൂന്നു വര്‍ഷത്തില്‍ ആറുപേര്‍ പഠിക്കുന്നു.
താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ച ഒരു ഡോക്ടറും മെഡിസിന്‍ വിഭാഗത്തിലെ ഒരു ഡോക്ടറുമാണ് ഈ വിഭാഗത്തെ നയിക്കുന്നത്. മെഡിസിന്‍ വിഭാഗത്തിന്റെ ഭാഗമല്ലാത്ത ഫാമിലി മെഡിസിന്‍ സ്വതന്ത്രമായ മറ്റൊരു വിഭാഗമാണ്. സ്വതന്ത്രമായ ഒരു പിജി ഡിപ്പാര്‍ട്ട്‌മെന്റിനു ഒരു പ്രഫസര്‍, ഒരു അസോസിയേറ്റ് പ്രഫസര്‍, ഒരു ലക്ചറര്‍ എന്നീ ഫാക്കല്‍റ്റികള്‍ ആവശ്യമാണ്.
എന്നാല്‍, താല്‍ക്കാലിക അടിസ്ഥാനത്തി ല്‍ നിയമിച്ച ഒരു സീനിയര്‍ ലക്ചറര്‍ മാത്രമാണ് ഈ വിഭാഗത്തിനുള്ളത്. ഫാമിലി മെഡിസിന്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലാ രോഗങ്ങളെക്കുറിച്ചും കൃത്യമായ ധാരണ വേണം. അതിനാല്‍ ഇവര്‍ക്ക് ഓരോ ദിവസം ഓരോ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചു പഠിക്കണം. രണ്ടാം വര്‍ഷത്തില്‍ റൂറല്‍ പോസ്റ്റിങ്ങുമുണ്ട്. കൂടാതെ ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ ഫാമിലി മെഡിസിന്‍ കഴിഞ്ഞ ഫാക്കല്‍റ്റികളും ആവശ്യമാണ്. ഫാമിലി മെഡിസിന്‍ കഴിഞ്ഞ അധ്യാപകരെ ലഭിക്കില്ലെങ്കിലും ഡിഎന്‍ബി (ഡിപ്ലോമാറ്റ് നാഷനല്‍ ബോര്‍ഡ്) കഴിഞ്ഞവരെ അധ്യാപകരായി നിയമിക്കാവുന്നതാണ്.
സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ നിന്നു ഫാമിലി മെഡിസിന്‍ ചെയ്തവരാണിവര്‍. ഡിഎന്‍ബിക്ക് കീഴിലാണ് സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ കോഴ്‌സ് നടക്കുന്നത്. ഈ കോഴ്‌സ് കഴിഞ്ഞവര്‍ ധാരാളമുണ്ട്. ഇവരെ ഫാക്കല്‍റ്റിയായി നിയമിച്ചാല്‍ പഠനത്തിന് സഹായകരമാവുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിശോധന വരുമ്പോള്‍ ഫാക്കല്‍റ്റിയില്ലാത്തതു കോഴ്‌സിനെ ബാധിക്കും. അധ്യാപകരില്ലെങ്കില്‍ പുതിയ അഡ്മിഷന് എംസിഐ അംഗീകാരം നല്‍കില്ല.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്കാശുപത്രികള്‍ എന്നിവിടങ്ങളില്‍ ഫാമിലി മെഡിസിന്‍ ഡോക്ടര്‍മാരുണ്ടാവുന്നതാണ് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരേക്കാള്‍ രോഗികള്‍ക്ക് ഗുണംചെയ്യുക. ഈ വിഭാഗത്തെ വളര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ലെങ്കില്‍ ഫാമിലി മെഡിസിന്‍ വിഭാഗം തന്നെ ഇല്ലാതാവുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.
Next Story

RELATED STORIES

Share it