മുസഫര്‍നഗര്‍ കലാപത്തിനു കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് കമ്മീഷന്‍ അഖിലേഷ് യാദവ് സര്‍ക്കാരിനു ശുദ്ധിപത്രം

ലഖ്‌നോ: 2013ലെ മുസഫര്‍നഗര്‍ വര്‍ഗീയകലാപത്തിനിടയാക്കിയത് രഹസ്യാന്വേഷണ ഏജന്‍സിയുടെ പരാജയവും പോലിസിന്റെ വീഴ്ചകളുമാണെന്ന് അന്വേഷണ കമ്മീഷന്‍. കലാപത്തെക്കുറിച്ചന്വേഷിച്ച ജസ്റ്റിസ് വിഷ്ണു സഹായിയുടെ 700 പേജുള്ള റിപോര്‍ട്ടിലാണ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയത്. റിപോര്‍ട്ട് ഇന്നലെയാണ് സംസ്ഥാന നിയമസഭയുടെ മേശപ്പുറത്തുവച്ചത്.
60ലധികം മുസ്‌ലിംകള്‍ കൊല്ലപ്പെടാനിടയായ കലാപത്തിന്റെ അന്വേഷണ റിപോര്‍ട്ടില്‍ അഖിലേഷ് യാദവ് സര്‍ക്കാരിനെപ്പറ്റി യാതൊരു പരാമര്‍ശവുമില്ല. കലാപത്തെക്കുറിച്ച് അതിശയോക്തികലര്‍ന്ന വാര്‍ത്തകള്‍ നല്‍കിയ മാധ്യമങ്ങളെയും റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. യൂട്യൂബില്‍ കലാപത്തെക്കുറിച്ച് തെറ്റായ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് ബിജെപി എംഎല്‍എ സംഗീത് സോം അടക്കം 220 പേര്‍ക്കെതിരേ കേസെടുത്തിരുന്നു. അതിനെക്കുറിച്ച് റിപോര്‍ട്ടിലുള്ളത് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഒരാളുടെ പേരില്‍ ഒന്നിലധികം കേസുകളെടുക്കാന്‍ നിയമം അനുവദിക്കുന്നില്ല എന്നാണ്. 2013 ആഗസ്ത് 30ന് ആക്ഷേപകരമായ ഭാഷയില്‍ പ്രസംഗിച്ച ബിഎസ്പി എംപി ഖാദിര്‍ റാണയ്ക്കും അനുയായികള്‍ക്കുമെതിരേയും ശിക്ഷാ നടപടികളെടുക്കാന്‍ കഴിയില്ല എന്നും റിപോര്‍ട്ടില്‍ പറയുന്നു.
അതിനിടെ, അസംബ്ലിയുടെ മേശപ്പുറത്തുവച്ച സഹായി റിപോര്‍ട്ടിനെ ബിജെപി അപൂര്‍ണമെന്നു പറഞ്ഞ് തള്ളി. റിപോര്‍ട്ട് നിരവധി അര്‍ധസത്യങ്ങളടങ്ങിയതാണെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് സുരേഷ് ഖന്ന പറഞ്ഞു. കലാപത്തിലെ യഥാര്‍ഥ കുറ്റവാളികളെപ്പറ്റിയോ കാരണത്തെപ്പറ്റിയോ പ്രകോപനത്തെക്കുറിച്ചോ കലാപം പടരാനിടയായ സാഹചര്യത്തെ സംബന്ധിച്ചോ യാതൊന്നും റിപോര്‍ട്ടിലില്ലെന്നും ഇത് പക്ഷപാതപരമാണെന്നും അദ്ദേഹം ആരോപിച്ചു.
2013 ആഗസ്ത് 27ന് ന്യൂനപക്ഷ സമുദായത്തിലെ ഒരു യുവാവ് രണ്ടുപേരെ കൊലപ്പെടുത്തിയതാണ് കലാപത്തിനിടയാക്കിയതെന്നാണ് കമ്മീഷന്റെ നിഗമനം. രഹസ്യാന്വേഷണ ഏജന്‍സിയുടെ പരാജയമാണ് കലാപം പടരാന്‍ കാരണമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. രഹസ്യാന്വേഷണ ഏജന്‍സിയിലെ ഇന്‍സ്‌പെക്ടര്‍ പ്രതാപ് സിങ് മാന്തോരിന് മഹാപഞ്ചായത്തില്‍ പങ്കെടുത്ത ജാട്ട് സമുദായ അംഗങ്ങള്‍ക്ക് സംഭവത്തിന്റെ യഥാര്‍ഥ ചിത്രം നല്‍കാന്‍ സാധിച്ചില്ലെന്നും മഹാപഞ്ചായത്ത് കഴിഞ്ഞ ശേഷം അവര്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും റിപോര്‍ട്ടിലുണ്ട്.
പോലിസ് സൂപ്രണ്ട് ദുബെക്കെതിരേയെടുത്ത നടപടികളെ കമ്മീഷന്‍ സ്വാഗതം ചെയ്തു. മഹാപഞ്ചായത്ത് യോഗം വീഡിയോയില്‍ പകര്‍ത്താത്ത ജില്ലാ മജിസ്‌ട്രേറ്റ് കുശാല്‍ റായ് ശര്‍മയുടെ നടപടിയെ റിപോര്‍ട്ട് ചോദ്യം ചെയ്യുന്നുമുണ്ട്. എന്നാല്‍, ക്രമസമാധാനം സംസ്ഥാനത്തിന്റെ അധികാരപരിധിയില്‍ വരുന്നതിനാല്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തത്തില്‍നിന്നു രക്ഷപ്പെടാന്‍ സാധിക്കുകയില്ലെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it