മുല്ലപ്പെരിയാര്‍: ഡെപ്യൂട്ടി കലക്ടറെ മാറ്റി

എ അബ്ദുല്‍സമദ്

കുമളി: അണക്കെട്ടില്‍ ജലനിരപ്പുയരുന്നതിനിടെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കേണ്ട ഡെപ്യൂട്ടി കലക്ടറെ സ്ഥലംമാറ്റി. അസിസ്റ്റന്റ് കാര്‍ഡമം സെറ്റില്‍മെന്റ് ഓഫിസര്‍കൂടിയായ ഡെപ്യൂട്ടി കലക്ടര്‍ പി രാജനെയാണ് സ്ഥലം മാറ്റിയത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ടുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ജില്ലയിലെ റവന്യൂ-പോലിസ്-ആരോഗ്യം-ഫയര്‍ഫോഴ്‌സ്-ദുരന്തനിവാരണസേന ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ ഏകോപന ചുമതല ഇദ്ദേഹത്തിനാണ്.
മുല്ലപ്പെരിയാര്‍ മേഖലയില്‍ മഴ തുടരുന്ന സാഹചര്യമാണുള്ളത്. വൈകീട്ടോടെ ജലനിരപ്പ് 141 അടി പിന്നിട്ടു. ഇപ്പോഴുള്ള മഴ തുടരുകയാണെങ്കില്‍ അടുത്ത ദിവസം തന്നെ ജലനിരപ്പ് 142 അടിയിലെത്തും. ഇതിനു മുമ്പായി താഴ്‌വരയിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇതിനു ചുതലപ്പെടുത്തിയ ഉദ്യോഗസ്ഥനെയാണ് തിടുക്കപ്പെട്ട് മൂന്നാര്‍ അസൈന്‍മെന്റ് ഓഫിസറായി സ്ഥലംമാറ്റിയത്.
രണ്ടു മാസം മുമ്പാണ് ഈ ഉദ്യോഗസ്ഥനെ പീരുമേട് അസിസ്റ്റന്റ് കാര്‍ഡമം സെറ്റില്‍മെന്റ് ഓഫിസറായി നിയമിച്ചത്. പി രാജനെ മാറ്റിയതോടെ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്ന കാര്യങ്ങള്‍ താളംതെറ്റുമെന്ന ആശങ്കയുയര്‍ന്നു. മാത്രമല്ല, അപകടഭീഷണി ഉയര്‍ത്തുന്ന അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലെത്താനുള്ള സാധ്യത നിലനില്‍ക്കെ ഇതിനായി നിയോഗിച്ച ഉദ്യോഗസ്ഥനെ തിടുക്കപ്പെട്ട് സ്ഥലം മാറ്റിയതിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്. പാലക്കാടുള്ള ആളെയാണ് പുതുതായി ഈ തസ്തികയിലേക്കു നിയമിച്ചതെന്നാണു വിവരം. പുതിയ ആള്‍ കാര്യങ്ങള്‍ പഠിച്ചുവരുമ്പോഴേക്കും പ്രശ്‌നം സങ്കീര്‍ണമാവാനുള്ള സാധ്യതയാണു കാണുന്നത്.
Next Story

RELATED STORIES

Share it