മുന്നണികളുമായി ബിഡിജെഎസ് ചര്‍ച്ച നടത്തിയിട്ടില്ല: തുഷാര്‍

കൊച്ചി: കേരളത്തിലെ ഇടതുവലത് മുന്നണികളുമായി നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബിഡിജെഎസ് രഹസ്യ ചര്‍ച്ച നടത്തിയെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വെളിപ്പെടുത്തലിനെതിരേ മകനും ബിഡിജെഎസ്് അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി. ബിജെപി ഒഴികെ ഒരു മുന്നണിയുമായും ബിഡിജെഎസ് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോട്് പറഞ്ഞു. എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ വെള്ളാപ്പള്ളി നടേശനെ എല്ലാ പാര്‍ട്ടിക്കാരും കാണാറുണ്ട്്. ഇത്തരത്തില്‍ ആരെങ്കിലുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കില്‍ അതില്‍ ബിഡിജെഎസിന് കാര്യമില്ലെന്നും തുഷാര്‍ പറഞ്ഞു. ബിഡിജെഎസിന്റെ അധ്യക്ഷനായി താന്‍ വന്നതിനുശേഷം ഒരു മുന്നണിയുമായും ചര്‍ച്ച നടത്തിയിട്ടില്ല. ഗൗരവമായ രാഷ്ട്രീയ ചര്‍ച്ചയിലേക്ക് ബിഡിജെഎസ് ഇതുവരെ പോയിട്ടില്ല. എന്നാല്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും തുഷാര്‍ വ്യക്തമാക്കി. ബിഡിജെഎസ് എന്ന പാര്‍ട്ടി തനിക്ക് പ്രസിഡന്റ് ആവുകയെന്ന ലക്ഷ്യത്തോടെയുണ്ടാക്കിയതല്ല. പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോവേണ്ട സാഹചര്യം ഉണ്ടായപ്പോള്‍ അതിന് ചുമതലപ്പെടുത്തിയിരുന്നത് ടി വി ബാബു, സുഭാഷ് വാസു എന്നിവരെയാണ്. തുടര്‍ന്ന് ഇവരുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ച് രജിസ്‌ട്രേഷന്് അപേക്ഷ നല്‍കുകയാണുണ്ടായത്. സമത്വമുന്നേറ്റ യാത്രയ്ക്ക് ശേഷം പാര്‍ട്ടിയുടെ ഭാഗമായ എല്ലാ സമുദായ പ്രതിനിധികളും താന്‍ പ്രസിഡന്റായി വരണമെന്ന് ആവശ്യപ്പെട്ടതോടെയാണ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ സന്നദ്ധനായത്. ഇതില്‍ യാതൊരുവിധ ആശയക്കുഴപ്പവും ഇല്ല. മന്ത്രിയാവാനോ എംഎല്‍എയാവാനോ താല്‍പര്യമുള്ള വ്യക്തിയല്ല താന്‍. 10 വര്‍ഷം മുമ്പ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ സീറ്റു നല്‍കാന്‍ തയ്യാറായപ്പോള്‍ പോലും സ്വീകരിച്ചിരുന്നില്ല. പാര്‍ലമെന്ററി മോഹമല്ല മറിച്ച്, സംഘടനയെ വളര്‍ത്തുകയെന്നതാണ് പരമപ്രധാനമായ ലക്ഷ്യമെന്നും തുഷാര്‍ പറഞ്ഞു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചു ശതമാനം സീറ്റിലെങ്കിലും ബിഡിജെഎസിനു മല്‍സരിക്കേണ്ടിവരും. പാര്‍ട്ടിക്ക് ചിഹ്നം ആവശ്യപ്പെട്ടിട്ടുണ്ട്. മൊത്തം സീറ്റിന്റെ അഞ്ചു ശതമാനം സീറ്റിലെങ്കിലും മല്‍സരിച്ചാലെ ചിഹ്നം അനുവദിച്ചു കിട്ടുകയുള്ളൂവെന്നും തുഷാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it