wayanad local

മുണ്ടക്കൊല്ലിയില്‍ കാട്ടാനശല്യം; വ്യാപക കൃഷിനാശം

സുല്‍ത്താന്‍ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തില്‍ നൂല്‍പ്പുഴ മേഖലയോട് ചേര്‍ന്നു കിടക്കുന്ന മുണ്ടക്കൊല്ലി, കരുവള്ളി, വല്ലത്തൂര്‍, കണ്ടര്‍മല പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷം. നേരമിരുട്ടിയാല്‍ സുല്‍ത്താന്‍ ബത്തേരി- ഗൂഡല്ലൂര്‍ അന്തര്‍ സംസ്ഥാന പാത മുറിച്ചുകടന്ന് കാട്ടാനകള്‍ കൃഷിയിടങ്ങളിലെത്തുകയാണ്.
കിടങ്ങും വൈദ്യുതി കമ്പിവേലിയും തകര്‍ത്താണ് ആനകളുടെ വിളയാട്ടം. തലങ്ങും വിലങ്ങും രാത്രി മുഴുവന്‍ സഞ്ചരിക്കുന്ന ആനകള്‍ പുലര്‍ച്ചെയാണ് കാടുകയറുന്നത്. ചിലപ്പോള്‍ തോട്ടങ്ങളില്‍ തമ്പടിക്കുകയും ചെയ്യുന്നു.
കാര്‍ഷിക വിളകള്‍ പാടെ നശിപ്പിക്കുന്നതോടൊപ്പം ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയുയര്‍ത്തുന്നു. കഴിഞ്ഞ ദിവസം പ്രദേശവാസികളായ ഇ അലി, ആനന്ദരാജ്, മാത്യു വടക്കേക്കര, ചാക്കോ ജോയി, തങ്കച്ചന്‍, സുകുമാരന്‍, ശ്രീനി, തങ്കപ്പന്‍, ഹംസ കണ്ണാറമ്പില്‍, ടി ജി സദാശിവന്‍ എന്നിവരുടെ കൃഷിയിടങ്ങള്‍ കാട്ടാനക്കൂട്ടം നശിപ്പിച്ചു.
വല്ലത്തൂര്‍ മുതല്‍ ഈസ്റ്റ് ചീരാല്‍ പൂമറ്റം വരെ ആറു കിലോമീറ്ററോളം വൈദ്യുതി വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമല്ല.
യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതും ശക്തിയുള്ള ബാറ്ററിയും ചാര്‍ജറും സ്ഥാപിക്കാത്തതും കാരണം ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച ഫെന്‍സിങ് സംവിധാനം നശിക്കുകയാണ്. വന്യമൃഗശല്യം രൂക്ഷമായ ഈ പ്രദേശങ്ങളില്‍ സ്റ്റീല്‍ ഫെന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാറിന് നാട്ടുകാര്‍ നിവേദനം നല്‍കി. കര്‍ഷക സംരക്ഷണ സമിതി ചെയര്‍മാന്‍ എ ബാലകൃഷ്ണന്‍, കണ്‍വീനര്‍ എസ് രാധാകൃഷ്ണന്‍, കെ ആര്‍ സാജന്‍, എം എ സുരേഷ്, ഇ ബാവ, സജിത് കുമാര്‍, വിനയന്‍, അബാസ്, ഹരിഹരന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it