മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതം: ബാര്‍ ഉടമകള്‍

കൊച്ചി: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരേ മൊഴികൊടുക്കാന്‍ ബാര്‍ ഉടമകളാണ് പ്രേരിപ്പിച്ചതെന്ന മുഖ്യമന്ത്രിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡി രാജ്കുമാര്‍ ഉണ്ണിയും ജനറല്‍ സെക്രട്ടറി എം ഡി ധനേഷും സംയുക്ത വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ബാര്‍ ഹോട്ടല്‍ അസോസിയേഷന് ഇത്തരം ഗതികേട് ഇന്നുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതും ബാര്‍ ഹോട്ടല്‍ അസോസിയേഷനെ കളങ്കപ്പെടുത്തുന്ന പ്രസ്താവന പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കാലാകാലങ്ങളില്‍ വര്‍ഷംതോറുമാണ് സര്‍ക്കാരുകള്‍ മദ്യനയങ്ങള്‍ രൂപീകരിക്കുന്നത്. എന്നാല്‍, 2014-15ലെ യുഡിഎഫ് സര്‍ക്കാരിന്റെ വികലമായ മദ്യനയംമൂലം ബാര്‍ ഹോട്ടല്‍ വ്യവസായം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇതിനെതിരേ കഴിഞ്ഞ ഒന്നരവര്‍ഷങ്ങളായി ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നിയമയുദ്ധങ്ങള്‍ പല കോടതികളിലായി നടന്നുവന്നിരുന്നു. കേസ് സുപ്രിംകോടതിയില്‍ എത്തിയപ്പോള്‍ ചില തല്‍പരകക്ഷികള്‍ സ്വന്തമായും കേസില്‍ കക്ഷിചേര്‍ന്നിരുന്നു. എന്നാല്‍, സംസ്ഥാനസര്‍ക്കാരിന്റെ അധികാരമാണ് മദ്യനയരൂപീകരണം എന്ന് സുപ്രിംകോടതി വിലയിരുത്തുകയുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ അസോസിയേഷനില്‍ കൃത്യമായി മാസവരിയോ ലീഗല്‍ ഫണ്ടോ നല്‍കാത്തവര്‍ സംഘടന പിളര്‍പ്പിലേക്ക് എന്നുള്ള തെറ്റിദ്ധാരണ പരത്തുംവിധം മാധ്യമങ്ങളില്‍ കൂടി വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്.
അസോസിയേഷന്റെ മീറ്റിങ് അവസാനം വിളിച്ചിട്ടുള്ളത് 2015 മെയ് 23നാണ് 2015 മെയ് 20 വരെയുള്ള കണക്കുകള്‍ അവിടെ അവതരിപ്പിച്ചു പാസാക്കിയിട്ടുള്ളതാണ്. എന്തെങ്കിലും വിശദീകരണം ആവശ്യമുള്ളവര്‍ ജനറല്‍ സെക്രട്ടറിയെ സമീപിക്കാമെന്ന് അന്നുതന്നെ അറിയിച്ചിരുന്നു. എന്നാല്‍, നാളിതുവരെ ആരും ജനറല്‍ സെക്രട്ടറിയെ സമീപിച്ചിട്ടില്ലെന്നും ഇവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it