kozhikode local

മാവോവാദി ആക്രമണം; അന്വേഷണം ഊര്‍ജിതം

പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്തിലെ ടി കെ കോളനി പൂത്തോട്ടം കടവില്‍ സൈലന്റ് വാലി ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിലുള്ള വനം വകുപ്പ് ഔട്ട് പോസ്റ്റും ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിലുള്ളവാച്ച് ടവറൂം കത്തിക്കുകയും ജീവനക്കാരെ ബന്ധികളാക്കിയ ശേഷം വിട്ടയക്കുകയും ചെയ്ത് സംഭവത്തില്‍ സംഭവം പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പത്തംഗ സംഘമാണ് വെള്ളിയാഴ്ച്ച രാത്രി 9 മണിയോടെ വനം വകുപ്പിന്റെ കെട്ടിടങ്ങള്‍ക്ക് തീയിട്ടത്. പൂത്തോട്ടം കടവ് ഔട്ട് പോസ്റ്റിലെ ആദിവാസി വാച്ചറായ അജയന്‍, മണികണ്ഠന്‍ സൈലന്റ് വാലി ഔട്ട് പോസ്റ്റിലെതാല്ക്കാലിക ജീവനക്കാരനായ ആലി എന്നിവരെയാണ് മാവോവാദികള്‍ ബന്ധികളാക്കിയത്. തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളുടെ വേഷത്തില്‍ എത്തിയ സംഘം വനം വകുപ്പിന്റെ ബോര്‍ഡില്‍ പോസ്റ്റര്‍ പതിക്കാന്‍ ശ്രമിച്ചപ്പോള്‍ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാരെ ബന്ധികളാക്കിയ ശേഷം കെട്ടിടങ്ങള്‍ക്ക് തീയിടുകയായിരുന്നു.വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പൂത്തോട്ടം കടവിലെ വാച്ച് ടവറിലെ ജീവനക്കാര്‍ താമസിക്കുന്ന മുറിക്കാണ് ആദ്യം തീയിട്ടത്. സമീപത്തുണ്ടായിരുന്ന ബൈക്കിലെ പെട്രോള്‍ ഉപയോഗിച്ചാണ് തീയിട്ടത്. മുറിയിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും വനം വകുപ്പ് ഫോറസ്റ്റ് സര്‍വെയുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, രേഖകള്‍ തുടങ്ങിയവയവയും പൂര്‍ണമായും കത്തിനശിച്ചു. മുറിയില്‍ സൂക്ഷിച്ചിരുന്ന അരി പുറത്തേക്ക് വലിച്ചിട്ട നിലയിലാണ്. ഗ്യാസ് സിലിണ്ടര്‍ മുറിയില്‍ നിന്ന് മാറ്റിയതിന് ശേഷമാണ് തീയിട്ടത്. അതിനാല്‍ വന്‍ സ്‌ഫോടനം ഒഴിവായി.വാച്ച് ടവര്‍ കത്തിച്ചതിന് ശേഷം വനം വകുപ്പ് ജീവനക്കാരെ വനത്തിനകത്തുള്ള സൈലന്റ് വാലി ഔട്ട് പോസ്റ്റിലേക്ക് കൊണ്ടുപോയി അവിടെയും കത്തിക്കൂകയായിരുന്നു. ഒന്നര മണിക്കൂറിന് ശേഷം മൊബൈല്‍ ഫോണിലെ സിം കാര്‍ഡ് ഊരി മാറ്റിയതിന് ശേഷം ഇവരെ വിട്ടയച്ചു.
ഉയര്‍ന്ന ഉദ്യോഗസ്ഥരെയാണ് ഞങ്ങള്‍കാവശ്യമെന്നും, കാക്കിയിട്ടവരെ വനത്തിനകത്ത് കണ്ടാല്‍ വെടിവെക്കുമെന്നും ഇവരോട് പറഞ്ഞതായി പറയുന്നു. സംഘത്തിലുണ്ടായിരുന്ന മലയാളിയായ സോമന്‍, സുന്ദരി, ആശ എന്നിവരെ ജീവനക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് എസ് പി കെ പി വിജയകുമാര്‍, സി പ്രേമാനന്ദ കൃഷ്ണന്‍, മലപ്പുറം എസ് പി ദേബേഷ് കുമാര്‍ ബെഹ്‌റ, പെരിന്തല്‍മണ്ണ ഡിവൈഎസ്പി പ്രദീപ്, വണ്ടൂര്‍ സിഐ സാജു അബ്രഹാം പാലക്കാട് സിസിഎഫ് പ്രമോദ് കൃഷ്ണ, നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ കെ സജി, എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
Next Story

RELATED STORIES

Share it