malappuram local

മാവോവാദികളുടെ സാന്നിധ്യം: നടപടി കാര്യക്ഷമമല്ലെന്ന്

പൂക്കോട്ടുംപാടം: മലയോര മേഖലയില്‍ മാവോവാദികളുടെ സാന്നിധ്യം പതിവായിട്ടും കര്‍ശന നടപടികളുണ്ടാവുന്നില്ലെന്ന് ആക്ഷേപം. മാവോവാദി സാന്നിധ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുമ്പോഴും മണിക്കൂറുകള്‍ കഴിഞ്ഞ ശേഷമാണ് പോലിസ് ഉള്‍പ്പെടെയുള്ള സേന സ്ഥലത്തെത്തുന്നതെന്ന് ആദിവാസികള്‍ ഉള്‍പ്പെടെയുളളവര്‍ പറയുന്നു. ശനിയാഴ്ച വൈകീട്ട് ആറരയോടെ അമരമ്പലം പഞ്ചായത്തിലെ പാട്ടക്കരിമ്പ് ആദിവാസി കോളനിയിലെത്തിയ മാവോവാദികള്‍ യോഗം ചേരുകയും ഒന്നര മണിക്കൂറോളം കോളനിയില്‍ ചിലവഴിക്കുകയും ആശയ പ്രചാരണം നടത്തുകയും ചെയ്തു.
വനം വകുപ്പ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാവോവാദികളെ കാണുകയും ചെയ്തതാണ്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേരടങ്ങുന്ന സംഘമാണ് കോളനിയിലെത്തിയത്. കൂടുതല്‍ പേര്‍ വനത്തിനകത്തുണ്ടായിരുന്നുവെന്ന സംശയം ആദിവാസികള്‍ പ്രകടിപ്പിച്ചിരുന്നു. മാവോവാദികള്‍ എത്തിയ വിവരം അറിയിച്ചിട്ടും രണ്ട് മണിക്കൂറോളം കഴിഞ്ഞശേഷമാണ് പോലിസ് എത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. എത്താന്‍ വൈകിയതിലുള്ള അമര്‍ഷം ആദിവാസികള്‍ പോലിസുകാരോട് പ്രകടിപ്പിക്കുകയും ചെയ്തു. അതേ സമയം പൂക്കോട്ടുംപാടം പോലിസ് സ്‌റ്റേഷനില്‍ ആവശ്യമായ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതും വാഹനം, ആയുധം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതും തിരിച്ചടിയാകുന്നുണ്ട്. പാട്ടകരിമ്പ് കോളനിയില്‍ മാവോവാദികള്‍ വന്നപ്പോള്‍ തന്നെ പൂക്കോട്ടുംപാടം പോലിസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നെങ്കിലും രണ്ട് പോലിസുകാര്‍ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നത്. വാഹനവും സ്റ്റേഷന്‍ ചാര്‍ജുണ്ടായിരുന്ന എസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ മന്ത്രിക്ക് എസ്‌കോര്‍ട്ട് പോയിരിക്കുകയായിരുന്നു.
മാവോവാദികള്‍ക്കായി തിരച്ചില്‍ നടത്തുന്നതിന് വാങ്ങിയ ഇരുപത്തഞ്ച് ലക്ഷം രൂപയുടെ പോളാരിസ് വാഹനം കട്ടപ്പുറത്തായിട്ട് മാസങ്ങളായി. വനത്തിലൂടെ ഓടിക്കുന്നതിനായി വാങ്ങിയ വാഹനം എത്തിച്ചശേഷം ഇത് ഉപയോഗപ്രദമായ സാഹചര്യങ്ങള്‍ കുറവാണ്. തണ്ടര്‍ബോള്‍ട്ട് സേനയുടെ സേവനവും ഉപയോഗപ്പെടുത്താനാവുന്നില്ല. കാക്കിയിട്ടവരെ വനത്തിനകത്തു കണ്ടാല്‍ ആക്രമിക്കുമെന്നാണ് മാവോവാദികളുടെ ഭീഷണി.
ശനിയാഴ്ച പാട്ടക്കരിമ്പിലെത്തിയ സംഘം ചക്കിക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ ആക്രമിക്കുമെന്ന സൂചനയും നല്‍കിയതായി ആദിവാസികള്‍ പറയുന്നു. കഴിഞ്ഞ 18നാണ് സമീപത്തു തെന്നയുള്ള ടികെ കോളനിയില്‍ മാവോവാദി ആക്രമണമുണ്ടായത്. 10 അംഗ സംഘം രണ്ട് ഔട്ട് പോസ്റ്റുകള്‍ ആക്രമിക്കുകയും, തീവെക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടയില്‍ ആണ് ശനിയാഴ്ച മാവോവാദികള്‍ പാട്ടക്കരിമ്പില്‍ എത്തിയത്.
രണ്ട് വര്‍ഷം മുന്‍പെ 2013 നവംബര്‍ 28നാണ് ടികെ കോളനിയില്‍ വെടിവെപ്പുണ്ടായത്. ഇതിന്റെ അന്വേഷണവും എവിടെയും എത്തിയിട്ടില്ല. പൂക്കോട്ടുംപാടം പോലിസ് സ്‌റ്റേഷന് സമീപം വരെ നിരവധി തവണ മാവോവാദികളെത്തിയതായി വെളിപെടുത്തലുണ്ടായിരുന്നു. ആവശ്യമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ വനം വകുപ്പ് അധികൃതരും നടപടികള്‍ ലഘൂകരിച്ചിട്ടുണ്ട്. മാവോവാദി ഭീഷണിയില്‍ നിന്നും മലയോര മേഖലയെ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Next Story

RELATED STORIES

Share it