wayanad local

മാഫിയകള്‍ക്കെതിരേ കര്‍ശന നിലപാടെടുത്ത ഉദ്യോഗസ്ഥന് സ്ഥലംമാറ്റം; വനംവകുപ്പില്‍ പ്രതിഷേധമുയരുന്നു

കല്‍പ്പറ്റ: വനം മാഫിയകള്‍ക്കെതിരേ കര്‍ശന നിലപാട് സ്വീകരിച്ച വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാറിനെ വകുപ്പിലെ ഉന്നതോദ്യോഗസ്ഥരറിയാതെ അപ്രതീക്ഷിതമായി സ്ഥലംമാറ്റിയത് ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കി. യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തില്‍ നിന്നിറങ്ങുന്നതിനു തൊട്ടുമുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പിച്ചെടുത്ത സ്ഥലംമാറ്റ ഉത്തരവ് വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരില്‍ വ്യാപകമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്നാണ് സൂചന. നിയമസഭാ വോട്ടെണ്ണല്‍ നടന്ന 19നാണ് സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. പകരം നിയമനം എവിടെയാണെന്നു സൂചിപ്പിച്ചിട്ടില്ല. ധനേഷ്‌കുമാറിന് പകരമായി മഹാരാഷ്ട്രക്കാരനായ പട്ടേല്‍ സിയാജ് റാവുവിനെയാണ് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡനായി നിയമിച്ചിരിക്കുന്നത്. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഫോറസ്റ്റ് സെക്രട്ടറി, വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തുടങ്ങി വനംവകുപ്പ് ആസ്ഥാനത്തെ പല ഉന്നതോദ്യോഗസ്ഥരും അറിയാതെയാണ് ധനേഷ്‌കുമാറിനെ സ്ഥലംമാറ്റിയതായി ഉത്തരവിറങ്ങിയത്. ഇതിനു പിന്നില്‍ ആസൂത്രിതമായ ചരടുവലി നടന്നെന്നാണ് ആരോപണം. ഭരണകക്ഷിയുടെയും വന്‍ രാഷ്ട്രീയ സ്വാധീനമുള്ള റിസോര്‍ട്ട് ലോബിയുടെയും ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്തതിന്റെ പേരില്‍ ധനേഷ്‌കുമാറിനെ തുരത്താന്‍ നാളുകളായി ശ്രമം നടക്കുന്നുണ്ടായിരുന്നു.
ഭരണകക്ഷിയുടെ കണ്ണിലെ കരടായതിനാല്‍ ധനേഷ്‌കുമാറിന് അടുത്തകാലത്ത് സ്ഥിരം നിയമനമൊന്നും നല്‍കിയിരുന്നില്ല. ഏകദേശം ഒരു വര്‍ഷത്തിലധികമായി താല്‍ക്കാലിക ചുമതലയാണ് നല്‍കിയത്. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ താല്‍ക്കാലിക ചുമതലയാണ് ആദ്യം നല്‍കിയത്. അടുത്തിടെ ഈ പദവിയില്‍ സ്ഥിരം നിയമനം നല്‍കി അധികം വൈകാതെയാണ് പകരം നിയമനം പോലും നല്‍കാതെ സ്ഥലംമാറ്റ ഉത്തരവിറങ്ങിയത്. വൈല്‍ഡ്‌ലൈഫ് വാര്‍ഡനെ കാവല്‍ മന്ത്രിസഭ സ്ഥലംമാറ്റിയ നടപടി നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനെതിരേ നിയമനടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ പരിസ്ഥിതി സംഘടനകള്‍ നടത്തിവരുന്നതായാണ് സൂചനകള്‍.
സമ്മര്‍ദ്ദങ്ങളെ മറികടന്ന് കേരളത്തിലെ പല വന്‍കിട കമ്പനികളുടെയും വനഭൂമി കൈയേറ്റം കണ്ടെത്തി നടപടി സ്വീകരിച്ചതിലൂടെ ശ്രദ്ധേയനായ ഉദ്യോഗസ്ഥനാണ് ധനേഷ്‌കുമാര്‍. അദ്ദേഹത്തെ പോലുള്ള ഒരു ഓഫിസര്‍ക്ക് പകരം നിയമനം എവിടെയാണെന്നു സൂചിപ്പിക്കാതെ സ്ഥലംമാറ്റം നല്‍കിയത് മനപ്പൂര്‍വം അവഹേളിക്കാനാണെന്ന ആക്ഷേപവുമായി പരിസ്ഥിതി സംഘടനകളുള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it