kozhikode local

മാടുകളെ കയറ്റിയ വാഹനം തടഞ്ഞു; സംസ്ഥാനപാതയില്‍ ഗതാഗതതടസ്സം

പേരാമ്പ്ര: മുളിയങ്ങല്‍ വെച്ച് രണ്ടു വാഹനങ്ങളിലായി അറവ് മാടുകളെ കയറ്റിവന്ന പിക്കപ്പ് ലോറി തടഞ്ഞ് നിര്‍ത്തി സംഘര്‍ഷത്തിനു ശ്രമം. കുറ്റിയാടി-ഉള്ള്യേരി സംസ്ഥാനപാതയില്‍ ഏറെ നേരം ഗതാഗതതടസ്സത്തിന് കാരണമായി. നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് ഓഫിസിനു മുന്നില്‍ രാവിലെ എട്ടിന് ഒരു സംഘം ആര്‍എസ്എസ് പ്രവര്‍ത്തകരായ അയ്യപ്പ ഭക്തന്‍മാരാണ് വാഹനംതടഞ്ഞ് നിര്‍ത്തിയത്. വാഹനത്തിന്റെ ഡ്രൈവര്‍മാരുമായി തര്‍ക്കം തുടര്‍ന്നതോടെ നാട്ടുകാരും ഈ സമയം എത്തിയ മറ്റു വാഹനങ്ങളിലെ യാത്രക്കാരും തടിച്ചുകൂടി. ഏറെ നേരം സംസ്ഥാനപാതയില്‍ സംഘര്‍ഷാവസ്ഥയുണ്ടായി. രണ്ടു പിക്കപ്പുകളിലായി അഞ്ചുവീതം പോത്തുകളും കാളക്കുട്ടികളുമാണ് ഉണ്ടായിരുന്നത്.
എന്നാല്‍ ഒരു വണ്ടിയില്‍ രണ്ടെണ്ണത്തിനെ മാത്രം കയറ്റിയാല്‍ മതിയെന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ഭാഷ്യം. ഏറെ നേരം വാക്ക് തര്‍ക്കം തുടര്‍ന്നു. മൃഗങ്ങളെ കയറ്റിയ വാഹനം റോഡില്‍ നിന്നും മാറ്റി നിര്‍ത്താന്‍ പോലും സമ്മതിക്കാതെ തട്ടിക്കയറുകയും കൂടുതല്‍ ആര്‍എസ്എസുകാരെ വിളിച്ചുവരുത്തി പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വാഹനത്തിന്റെ ഡ്രൈവര്‍മാര്‍ ഇതിനിടെ മറ്റു രണ്ടു വണ്ടികൂടി വിളിച്ച് വരുത്തി രണ്ടു വീതം മൃഗങ്ങളെ കയറ്റിവിട്ടതോടെയാണ് പ്രശ്‌നം പരിഹരിച്ചത്. പ്രദേശത്തെ മുതിര്‍ന്ന അയ്യപ്പവിശ്വാസികള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യരുതെന്ന് പറഞ്ഞിട്ടും ഇവരോട് ആര്‍എസ്എസുകാര്‍ തട്ടിക്കയറുകയായിരുന്നു.
Next Story

RELATED STORIES

Share it