Kottayam Local

മാഞ്ഞൂരിലെ 11ാം വാര്‍ഡില്‍ മല്‍സര രംഗത്ത് 10 പേര്‍

കടുത്തുരുത്തി: മല്‍സരാര്‍ഥികളുടെ എണ്ണം കൊണ്ട് ശ്രദ്ധ നേടൂകയാണ് മാഞ്ഞൂര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡ്. കടുത്തുരുത്തി മേഖലയിലെ പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്ന വാര്‍ഡാണിതെന്നാണ് നേതാക്കള്‍ പറയുന്നത്.
ഇടത്, വലത് മുന്നണിയെ കൂടാതെ ബിജെപിയും, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ഉള്‍പെടെ 10 സ്ഥാനാര്‍ഥികളാണ് ഇവിടെ ജനവിധി തേടുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥിക്കു ഭീഷണിയായി ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്(എം)ന്റെ സ്ഥാനാര്‍ഥിയും, എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കു ഭീഷണിയായി ഘടകകക്ഷിയായ എന്‍സിപിയുടെ മണ്ഡലം പ്രസിഡന്റുമാണ് മല്‍സരംഗത്തുള്ളത്. മാഞ്ഞൂര്‍ പഞ്ചായത്തിലെ 11ാം വാര്‍ഡ് മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പങ്കാളിത്തം കൊണ്ടാണ് ശ്രദ്ധ നേടിയതെങ്കില്‍ 17ാം വാര്‍ഡായ വിജയ ലൈബ്രറി വാര്‍ഡില്‍ എല്‍ഡിഎഫ്, യൂഡിഎഫ് സ്ഥാനാര്‍ഥികള്‍ തമ്മില്‍ നേരിട്ടുള്ള മല്‍സരമാണ് നടക്കുന്നത്. ഇവിടെ രണ്ട് സ്ഥാനാര്‍ഥികള്‍ മാത്രമാണ് മല്‍സരരംഗത്തുള്ളത്. കടുത്തുരുത്തി പഞ്ചായത്തിലെ 13ാം വാര്‍ഡായ കപിക്കാടും യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ നേരിട്ടുള്ള മല്‍സരമാണ് നടക്കുന്നത്. അതേസമയം മാഞ്ഞൂര്‍, കടുത്തുരുത്തി, കല്ലറ, മുളക്കുളം ഞീഴൂര്‍ പഞ്ചായത്തുകളില്‍ ആകെ 145 പോളിങ് ബൂത്തുകള്‍.
റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പോളിങ് ബൂത്തുകളുടെ പരിശോധനയും നടന്നു. മേഖലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് ബൂത്തുകളുള്ളത് കടുത്തുരുത്തി പഞ്ചായത്തിലാണ്. 38 പോളിങ് ബൂത്തുകളാണ് കടുത്തുരുത്തിയിലുള്ളത്.
19 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. 18 വാര്‍ഡുകളുള്ള മാഞ്ഞൂര്‍ പഞ്ചായത്തില്‍ 34 ബൂത്തുകളും, 17 വാര്‍ഡുകളുള്ള മുളക്കുളം പഞ്ചായത്തില്‍ 33 ബൂത്തുകളും,13 വാര്‍ഡുകളുള്ള കല്ലറ പഞ്ചായത്തില്‍ 15 ബൂത്തുകളും, 14 വാര്‍ഡുകളുള്ള ഞീഴൂര്‍ പഞ്ചായത്തില്‍ 27 ബൂത്തുകളുമാണുള്ളത്. മേഖലയില്‍ പ്രശ്‌നബാധിത ബൂത്തുകളൊന്നുമില്ലെന്നും റിട്ടേണിങ് ഓഫിസര്‍മാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it