മലാപ്പറമ്പടക്കം നാല് സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: മലാപ്പറമ്പ് എയുപി അടക്കം പൂട്ടുന്ന നാല് സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞദിവസം അടച്ചുപൂട്ടിയ മലപ്പുറം കൊണ്ടോട്ടിയിലെ മാങ്ങാട്ടുമുറി സ്‌കൂള്‍, തൃശൂരില്‍ കഴിഞ്ഞദിവസം പൂട്ടിയ കിരാലൂര്‍ സ്‌കൂള്‍, കോഴിക്കോട്ടെ പാലാട്ട് സ്‌കൂള്‍ എന്നിവയാണു സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
മാനേജ്‌മെന്റിന് നഷ്ടപരിഹാരം നല്‍കിയാവും സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുക. സ്‌കൂള്‍ ഏറ്റെടുക്കുന്നതില്‍ നിയമപരമായ തടസ്സങ്ങളിലെന്നു നിയമസെക്രട്ടറിയുടെ ഉപദേശം ലഭിച്ചതിനെത്തുടര്‍ന്നാണു തീരുമാനം. നിയമസഭ ഇക്കാര്യത്തില്‍ പ്രമേയം പാസാക്കണമെന്നും സര്‍ക്കാരിനു നിയമോപദേശം ലഭിച്ചിട്ടുണ്ട്. കോടതി വിധിക്കു വിധേയമായാവും തുടര്‍നടപടികള്‍. സ്‌കൂളുകള്‍ പൂട്ടുന്നതിനു കോടതി ഉത്തരവിടുകയും ഇതിനെതിരേ ജനകീയ പ്രക്ഷോഭം ഉയര്‍ന്നുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്നലെ വിഷയം മന്ത്രിസഭായോഗം അടിയന്തരമായി പരിഗണിച്ചത്.
വലിയ സാമ്പത്തികബാധ്യത വരുത്തുന്ന തീരുമാനമാണെങ്കിലും പൊതുവിദ്യാഭ്യാസം സംരക്ഷിക്കുകയെന്ന നയം അനുസരിച്ച് സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗത്തില്‍ ധാരണയാവുകയായിരുന്നു. മലാപ്പറമ്പ് സ്‌കൂള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തില്‍ വിധി പാലിച്ചു മുന്നോട്ടുപോവുകയെന്ന നിലപാടായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. വലിയ സാമ്പത്തികബാധ്യതയുണ്ടാവുന്നതിനാല്‍ തീരുമാനം ധനവകുപ്പ് ആദ്യം എതിര്‍ത്തിരുന്നു. എന്നാല്‍, വിദ്യാഭ്യാസമന്ത്രി ധനമന്ത്രിയുമായി നടത്തിയ കൂടിയാലോചനയ്ക്കുശേഷം തീരുമാനം മാറ്റി. മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടിയാലും കെട്ടിടത്തിനു കേടുപാടുകള്‍ വരുത്തരുതെന്ന് മാനേജര്‍ക്ക് നിര്‍ദേശം നല്‍കാന്‍ കോടതിയോടു അഭ്യര്‍ഥിക്കുമെന്നു പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് അറിയിച്ചു. കോഴിക്കോട് ജില്ലാ കലക്ടര്‍ നല്‍കിയ റിപോര്‍ട്ട് പ്രകാരം ന്യായവില നല്‍കിയാവും സ്‌കൂള്‍ ഏറ്റെടുക്കുക.
വിദ്യാര്‍ഥികള്‍ക്കു പഠനത്തിനു ബദല്‍ സംവിധാനമൊരുക്കും. ഇതിനുശേഷം നിയമപരമായി സ്‌കൂള്‍ ഏറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവും. നിലവില്‍ പൂട്ടാനായി സര്‍ക്കാരിന് അപേക്ഷ നല്‍കിയിരിക്കുന്ന സ്‌കൂളുകള്‍ ഏറ്റെടുത്താലുണ്ടാവുന്ന സാമ്പത്തികബാധ്യത സംബന്ധിച്ചു സമഗ്രമായ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. റിപോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു സെക്രട്ടറി വ്യക്തമാക്കി. അതേസമയം, കോടതിവിധിക്കു വിധേയമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും കുട്ടികളുടെ അധ്യയനം മുടങ്ങില്ലെന്നുമായിരുന്നു വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥിന്റെ പ്രതികരണം. സ്‌കൂളുകള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ട്. കോടതിവിധികള്‍ പഠിച്ചു നിയമവിധേയമായ മാര്‍ഗം കണ്ടെത്തും. ആയിരത്തിലധികം സ്‌കൂളുകളാണ് അടച്ചുപൂട്ടാനുള്ള അപേക്ഷ നല്‍കിയിട്ടുള്ളത്. അവര്‍ എന്തുകാരണത്താലാണ് അപേക്ഷ നല്‍കിയതെന്നു പഠിച്ച് നടപടി സ്വീകരിക്കും. സര്‍ക്കാരിന്റെ ആത്യന്തിക നിലപാട് പൊതുവിദ്യാഭ്യാസം സംരക്ഷിക്കുകയെന്നതാണ്. അതിനു പണമാണ് ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ചെലവഴിക്കും. സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതിന് കെഇആര്‍ പരിഷ്‌കരണമോ, ഓര്‍ഡിനന്‍സോ ഏതാണു വേണ്ടതെന്നു പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളുകള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. നിയമപ്രകാരം വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരും. സ്‌കൂളുകള്‍ പൂട്ടുകയെന്നതു സര്‍ക്കാരിന്റെ നയമല്ല. സ്‌കൂളുകള്‍ പൂട്ടി റിയല്‍ എസ്‌റ്റേറ്റ് ഏര്‍പ്പാടാക്കുന്നതിനോടു സര്‍ക്കാര്‍ യോജിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it