മലയാള സിനിമയിലെ മുത്തച്ഛന് ഇന്ന് 92ാം പിറന്നാള്‍

കണ്ണൂര്‍: തുലാമാസത്തിലെ തിരുവോണം നക്ഷത്രമായ ഇന്ന് മലയാളസിനിമയിലെ മുത്തച്ഛന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് 92ാം പിറന്നാള്‍. ബന്ധുമിത്രാദികളുടെ സംഗമത്തിനു വേദിയാവാന്‍ ഒരുങ്ങുകയാണു പയ്യന്നൂര്‍ കോറോം പുല്ലരി വാധ്യാര്‍ ഇല്ലം. വലിയ ആഘോഷങ്ങളൊന്നും ഇല്ലെങ്കിലും പ്രിയപ്പെട്ടവരുമായുള്ള ഒത്തുചേരലാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ഏറ്റവും വലിയ പിറന്നാള്‍ മധുരം.
കാല്‍മുട്ടിന്റെ വേദനയും വാര്‍ധക്യസഹജമായ ചില അസ്വസ്ഥതകളും ഉണ്ടെന്നതൊഴിച്ചാല്‍ മനസ്സിലിപ്പോഴും ചെറുപ്പമാണ് മലയാള സിനിമയിലെ ഈ കാരണവര്‍ക്ക്. ചിട്ട തെറ്റിക്കാത്ത ജീവിതം, അതാണ് ഈ ചുറുചുറുക്കിന്റെ രഹസ്യം. നല്ലപോലെ സംസാരിക്കും. അതിലും നന്നായി ചിരിക്കും. ഒരുവര്‍ഷം മുമ്പ് ഉദരസംബന്ധിയായ അസുഖത്തിനു ശസ്ത്രക്രിയ നടത്തിയിരുന്നു. അതില്‍പ്പിന്നെ പൊതുചടങ്ങുകളില്‍ പങ്കെടുക്കുന്നതു വിരളമാണ്. ഒഴിച്ചുകൂടാനാവാത്ത ചടങ്ങുകളില്‍ ഇദ്ദേഹത്തിന്റെ സാന്നിധ്യം കാണാം. സിനിമപോലെ സാഹസികതയും വിസ്മയവും നിറഞ്ഞതാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ജീവിതം. അഭിനയവും താന്ത്രിക കര്‍മങ്ങളും കമ്മ്യൂണിസ്റ്റ് ജീവിതരീതിയും ഇടകലര്‍ന്ന അപൂര്‍വത.
ഗോകര്‍ണത്തുനിന്നു ചിറക്കല്‍ തമ്പുരാന്‍ കൂട്ടിക്കൊണ്ടുവന്നതാണ് പുല്ലേരി വാധ്യാര്‍ കുടുംബക്കാരെ. ഉത്തരമലബാറിലെ വിവിധ ക്ഷേത്രങ്ങളിലെ താന്ത്രികാവകാശമുള്ള തന്ത്രികുടുംബം. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിപ്ലവപ്രയാണത്തിന് സാക്ഷിയായ തറവാട്. ഒളിവുകാലത്ത് എകെജി, ഇഎംഎസ് തുടങ്ങിയ നേതാക്കള്‍ക്കും ഇവര്‍ അഭയം നല്‍കി. നാരായണ വാധ്യാര്‍ നമ്പൂതിരിയുടെയും ദേവകി അന്തര്‍ജനത്തിന്റെയും ആറു മക്കളില്‍ മൂന്നാമത്തെയാളാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.
16 വര്‍ഷം മുമ്പ് ജയരാജ് ഒരുക്കിയ ദേശാടനത്തിലൂടെയാണു വിശ്രമജീവിതം നയിച്ചിരുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ചലച്ചിത്രമേഖലയിലെത്തുന്നത്. ഇതോടെ മലയാള സിനിമയില്‍ മുത്തച്ഛന്‍ സങ്കല്‍പ്പത്തിന്റെ അടയാള കഥാപാത്രമായി അദ്ദേഹം അഭിനയിക്കുകയല്ല, ജീവിക്കുകയായിരുന്നു.
ഇതിനകം തമിഴ് ഉള്‍പ്പെടെ 22 സിനിമകളില്‍ വേഷമിട്ടു. പരേതയായ ലീല അന്തര്‍ജനമാണു ഭാര്യ. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭാര്യ ദേവകി അന്തര്‍ജനം, ഭവദാസന്‍ നമ്പൂതിരി, ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. കുഞ്ഞികൃഷ്ണന്‍ നമ്പൂതിരി, യമുന എന്നിവര്‍ മക്കളാണ്.
Next Story

RELATED STORIES

Share it