thrissur local

മലമ്പനി, മഞ്ഞപ്പിത്തം പടരുന്നു: ശുചിത്വ പരിശോധന ശക്തിപ്പെടുത്താന്‍ തീരുമാനം

തൃശൂര്‍: ജില്ലയില്‍ മലമ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ ബാധിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളള സാഹചര്യത്തില്‍ പരിസര ശുചീകരണത്തിനും കൊതുക് നശീകരണത്തിനുമുളള നടപടികള്‍ ശക്തിപ്പെടുത്താന്‍ കലക്‌ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം തീരുമാനിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ വാസസ്ഥലങ്ങളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുളള പരിശോധന ശക്തിപ്പെടുത്തും.
റവന്യു, ആരോഗ്യം, തൊഴില്‍ തുടങ്ങിയ വകുപ്പുകളിലെ ഉദേ്യാഗസ്ഥരെ ഉള്‍പ്പെടുത്തി രൂപികരിച്ചിട്ടുളള പ്രതേ്യക സ്‌ക്വാഡുകള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാവും പരിശോധനകള്‍ നടത്തുക. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ അത്യാവശ്യ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുന്നതിനാണ് പരിശോധന. മഴക്കാലത്തെ പകര്‍ച്ച വ്യാധികളെ നേരിടുന്നതിന് മരുന്നുകള്‍ ആവശ—ത്തിന് സ്റ്റോക്കുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ യോഗത്തെ അറിയിച്ചു.
ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നിലവിലുളള ഗൈനക്കോളജിസ്റ്റിന്റെ ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നടപടി വേണമെന്ന് കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ ആവശ്യപ്പെട്ടു. ചാവക്കാട് ബ്ലോക്കിലെ കൂട്ടാടംപാടത്തെ നെല്‍കൃഷി പുനരുജ്ജീവിപ്പിക്കുന്നതിന് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് കീഴില്‍ കൃഷിവകുപ്പ് 15 കോടി രൂപ അനുവദിച്ചതായി കൃഷി വകുപ്പ് അധികൃതര്‍ യോഗത്തെ അറിയിച്ചു.
ഇവിടെ കൃഷി നടത്തുന്നതിനുളള തുടര്‍ നടപടികള്‍ എടുത്തുവരികയാണെന്നും മേഖലയിലെ ജന പ്രതിനിധികളുടെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് വിപുലമായ യോഗം ഉടന്‍ വിളിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
റോഡരികത്തും മറ്റ് പൊതുസ്ഥലങ്ങളിലും അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന വൃക്ഷങ്ങളുടെ കാര്യത്തില്‍ അപകടം ഒഴിവാക്കുന്നതിന് അടിയന്തിര നടപടി ഉണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ വി രതീശന്‍ പറഞ്ഞു. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനാധികൃതരില്‍ നിന്നുളള വിവരം ലഭിച്ചാല്‍ ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷന്‍ എന്ന നിലയില്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ അറിയിച്ചു.
എംഎല്‍എമാരായ കെ വി അബ്ദുല്‍ ഖാദര്‍, ബി ഡി ദേവസി, ഗീതാഗോപി, ടൈസണ്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, എഡിഎം എം ജി രാമചന്ദ്രന്‍, സബ് കലക്ടര്‍ ഹരിത വി കുമാര്‍, ജില്ലാ പ്ലാനിങ് ഓഫിസര്‍ യു ഗീത പങ്കെടുത്തു.
Next Story

RELATED STORIES

Share it