kannur local

മയ്യിലിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ ബോംബ് ശേഖരം പിടികൂടി

മയ്യില്‍(കണ്ണൂര്‍) : ആര്‍എസ്എസ് സ്വാധീനകേന്ദ്രത്തില്‍ നിന്നു ബോംബ് ശേഖരം പിടികൂടി. ഇന്നലെ വൈകീട്ട് നാലോടെയാണ് എട്ടേയാര്‍ സിദ്ധിവിനായക ക്ഷേത്രത്തിനു സമീപത്തെ ഗണേഷ് കോളജിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്ന് ആറു നാടന്‍ ബോംബുകള്‍ പിടികൂടിയത്. വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കെ രഹസ്യവിവരത്തെ തുടര്‍ന്ന് പോലിസ് നടത്തിയ റെയ്ഡിലാണ് ഉഗ്രശേഷിയുള്ള നാടന്‍ ബോംബുകള്‍ കണ്ടെടുത്തത്. തുടര്‍ന്ന് കണ്ണൂരില്‍ നിന്ന് ബോംബ് സ്‌ക്വാഡെത്തി കസ്റ്റഡിയിലെടുത്തു.
പോലിസും ബോംബ് സ്‌ക്വാഡും പരിസരപ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. മാസങ്ങള്‍ക്കു മുമ്പ് എട്ടേയാറില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷമുണ്ടായിരുന്നു. മയ്യില്‍ എസ്‌ഐ ഫായിസലിയും സംഘവുമാണ് പ്രദേശത്ത് പരിശോധന നടത്തിയത്. മയ്യില്‍ എട്ടേയാറിലെ ബോംബ് ശേഖരത്തെ കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നും തിരഞ്ഞെടുപ്പിനും അതിനു ശേഷവും പ്രദേശത്ത് കലാപം അഴിച്ചുവിടാനുള്ള ഗൂഢനീക്കമാണ് പിന്നിലെന്നും പോപുലര്‍ ഫ്രണ്ട് കമ്പില്‍ ഏരിയാ കമ്മിറ്റി പ്രസ്താവിച്ചു. ബോംബ് നിര്‍മാണത്തിന്റെ ഉറവിടം പോലിസ് കണ്ടെത്തണം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടി ജനങ്ങളുടെ ആശങ്കയകറ്റണമെന്നും പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് പി പി ശിഹാബും സെക്രട്ടറി മഷ്ഹൂദും ആവശ്യപ്പെട്ടു.
സമാധാനം നിലനില്‍ക്കുന്ന മേഖലയില്‍ മനപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ബോംബ് നിര്‍മാണത്തെ കുറിച്ച് പോലിസ് ജാഗ്രതയോടെ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ മയ്യില്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it