wayanad local

മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചമഞ്ഞ് തട്ടിപ്പ്; മൂന്നു പേര്‍ പിടിയില്‍

വൈത്തിരി: മനുഷ്യവകാശ പ്രവര്‍ത്തകരാണെന്നു വിശ്വസിപ്പിച്ച് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയവരെ വൈത്തിരി എസ്‌ഐ എ യു ജയപ്രകാശിന്റെ നേതൃത്വത്തില്‍ പോലിസ് പിടികൂടി. ജില്ലയിലാകമാനം തട്ടിപ്പ് നടത്തിവന്ന പുല്‍പ്പള്ളി സ്വദേശികളായ സജി ജോസ്, ഒ ജി ചന്ദ്രന്‍, കോട്ടയം സ്വദേശി എം എന്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സുല്‍ത്താന്‍ ബത്തേരിയില്‍ വാടകയ്ക്കു താമസിച്ചു വരികയായിരുന്നു. എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് നിര്‍മാണ പ്രവൃത്തികള്‍ നടത്തിവന്ന പഴയ വൈത്തിരി സ്വദേശിയായ റഫീഖിനെ സമീപിച്ച് തട്ടിപ്പുസംഘം ഭീഷണിപ്പെടുത്തി. മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്നും മണ്ണെടുത്ത് നിര്‍മാണ പ്രവൃത്തി തുടര്‍ന്നാല്‍ തടയുമെന്നും ഒഴിവാക്കണമെങ്കില്‍ 25,000 രൂപ വേണമെന്നും ആവശ്യപ്പെട്ടു.
അത്യാവശ്യക്കാരനായ റഫീഖ് ആദ്യം 10,000 രൂപ നല്‍കി. എന്നാല്‍, ബാക്കി തുകയ്ക്ക് ഭീഷണിയുടെ സ്വരത്തിലുള്ള ഫോണ്‍ വിളികള്‍ വന്നപ്പോഴാണ് പോലിസില്‍ പരാതിപ്പെട്ടത്. ബാബു, സജി എന്നിവരുടെ പേരില്‍ അമ്പലവയല്‍ സ്‌റ്റേഷനിലും ചന്ദ്രന്റെ പേരില്‍ സുല്‍ത്താന്‍ ബത്തേരി സ്‌റ്റേഷനിലും സമാനമായ കേസുണ്ട്. നാഷനല്‍ ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ എന്ന വ്യാജ തിരിച്ചറില്‍ കാര്‍ഡ് ഉണ്ടാക്കിയും വാഹനത്തില്‍ സ്റ്റിക്കര്‍ പതിച്ചുമാണ് തട്ടിപ്പ് നടത്തുന്നത്. ഈ വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. ട്യൂമര്‍ ബാധിച്ച സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ കുട്ടിയുടെ വീട്ടുകാരെ ധനസഹായം വാങ്ങിത്തരാമെന്നു തെറ്റിദ്ധരിപ്പിച്ച് രസീത് ഉണ്ടാക്കി ലക്ഷങ്ങള്‍ തട്ടിയ കേസും ഇവര്‍ക്കെതിരേയുണ്ട്.
Next Story

RELATED STORIES

Share it