Pathanamthitta local

ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത ജില്ലയായി പത്തനംതിട്ടയെ മാറ്റും

പത്തനംതിട്ട: ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത ജില്ലയായി പത്തനംതിട്ടയെ മാറ്റുമെന്ന് ജില്ലാ പഞ്ചായത്ത് സാരഥികള്‍. പത്തനംതിട്ട പ്രസ്സ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജില്ലയില്‍ നിലനില്‍ക്കുന്ന വിദ്യാഭ്യാസ- ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പുതിയ ജില്ലാ പഞ്ചായത്ത് ഭരണസമിതി മുന്തിയ പരിഗണന നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അറിയിച്ചു.
കാര്‍ഷിക മേഖലയുടെ വികസനത്തിന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. ഹയര്‍സെക്കന്‍ഡറി റിസള്‍ട്ട് മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ ശ്രദ്ധ നല്‍കും. ജില്ലാ ആശുപത്രിയുടെയും ജില്ലാ ആയൂര്‍വേദ ആശുപത്രിയുടെയും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും.
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കൂടുതല്‍ കുടിവെള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാക്കും. വിദഗ്ധരുടെ നിര്‍ദേശത്തോടെയായിരിക്കും ആസൂത്രണ പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. പട്ടികജാതി വിഭാഗങ്ങള്‍ക്കായി കുടുതല്‍ ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കും. കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി ജാഗ്രത സമിതികള്‍ രൂപീകരിക്കും.
ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെയായിരിക്കും പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. കഴിഞ്ഞ ഭരണ സമിതി നടപ്പാക്കിയ ഇ ടോയ്‌ലറ്റുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പ്രവര്‍ത്തനയോഗ്യമാക്കും. തീര്‍ഥാടനത്തിന് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുമെന്നും അന്നപൂര്‍ണദേവി പറഞ്ഞു.
ജില്ലയിലെ ടൂറിസം മേഖലയിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്ന് ഒപ്പമുണ്ടായിരുന്ന വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ പറഞ്ഞു. കാന്‍സര്‍, വൃക്കരോഗം എന്നിവ കണ്ടുപിടിക്കുന്നതിന് ഗ്രാമപ്പഞ്ചായത്തുകള്‍ തോറും മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും.
ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുന്നതിന് ജില്ലയില്‍ അത്യന്താധുനിക ലാബ് നിര്‍മിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഏബ്രഹാം തടിയൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it