ഭീകരവാദത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ന്യൂഡല്‍ഹിയില്‍ നടന്ന സെക്രട്ടറിതല കൂടിക്കാഴ്ചയില്‍ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറും പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹ്മദ് ചൗധരിയും തമ്മിലായിരുന്നു ചര്‍ച്ച.
പത്താന്‍കോട്ട് ആക്രമണക്കേസ് അന്വേഷണത്തിലും മുംബൈ ആക്രമണക്കേസ് വിചാരണയിലും കാര്യമായ പുരോഗതി അനിവാര്യമാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഭീകരവാദം ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ ബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന സത്യം പാകിസ്താന് തള്ളിക്കളയാനാവില്ല. ഭീകരസംഘടനകള്‍ക്കു നിര്‍ഭയമായി പ്രവര്‍ത്തിക്കാന്‍ പറ്റുന്ന സാഹചര്യമില്ലാതാക്കണം. ചാരനെന്നാരോപിച്ച് ബലൂചിസ്താനില്‍ പിടിയിലായ ഖുല്‍ഭൂഷണ്‍ യാദവിന് ഇന്ത്യന്‍ അധികൃതരെ കാണാന്‍ അവസരമൊരുക്കണമെന്നും ജയശങ്കര്‍ ആവശ്യപ്പെട്ടു.
അതേസമയം, കശ്മീര്‍ ഉള്‍പ്പെടെ ചില വിഷയങ്ങള്‍ പാകിസ്താന്‍ ഉന്നയിച്ചതായാണ് റിപോര്‍ട്ട്. കശ്മീര്‍ സുപ്രധാന വിഷയമാണെന്നും ഐക്യരാഷ്ട്രസഭാ പ്രമേയങ്ങളും കശ്മീര്‍ ജനതയുടെ അഭിലാഷവും കണക്കിലെടുത്ത് നീതിയിലധിഷ്ഠിതമായ പരിഹാരം കാണണമെന്നും ഐസാസ് ചൗധരി ആവശ്യപ്പെട്ടു. തങ്ങളുടെ നിരവധി പൗരന്‍മാര്‍ കൊല്ലപ്പെട്ട 2007ലെ സംജോത എക്‌സ്പ്രസ് സ്‌ഫോടനക്കേസിലെ പ്രതികള്‍ ജയില്‍മോചിതരാവുന്നതിലും പാകിസ്താന്‍ ആശങ്ക രേഖപ്പെടുത്തി.
Next Story

RELATED STORIES

Share it