Pathanamthitta local

ഭര്‍ത്താവിനു പിന്നാലെ ഭാര്യയും; ജനങ്ങളുടെ ഇടയില്‍ അവമതിപ്പിനു കാരണമാവുമെന്ന് കെപിസിസി

പത്തനംതിട്ട: ഭര്‍ത്താവിന് പിന്നാലെ ഭാര്യയും നഗരസഭാ അധ്യക്ഷ പദവിയിലെത്തുന്നത് കെപിസിസി എതിര്‍ത്തു. ഇത്തരത്തില്‍ പിന്തുടര്‍ച്ചാവകാശം നല്‍കുന്നത് അനുചിതവും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പിനു കാരണമാവുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അടക്കമുള്ള നേതാക്കള്‍ യോഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് ഇത്തരത്തില്‍ കൈമാറ്റം വേണ്ടെന്ന പൊതുതീരുമാനം ഡിസിസിക്ക് നല്‍കി.
പത്തനംതിട്ടയില്‍ സ്ഥാനമൊഴിഞ്ഞ ചെയര്‍മാന്‍ എ സുരേഷ് കുമാറിനു പകരം ഭാര്യ ഗീത സുരേഷിനെ ചെയര്‍പേഴ്‌സണാക്കുന്നതിനുള്ള നീക്കത്തിനാണ് ഇതോടെ തിരിച്ചടി ഉണ്ടായത്. 24ാം വാര്‍ഡില്‍ നിന്നു വിജയിച്ച ഗീത സുരേഷ് നവാഗത കൗണ്‍സിലറാണ്.
പാര്‍ട്ടിയിലും കാര്യമായ പ്രവര്‍ത്തന പരിചയം ഇവര്‍ക്കില്ല. മുന്‍ കൗണ്‍സിലറും മഹിള കോണ്‍ഗ്രസ് നേതാവും 28ാം വാര്‍ഡ് കൗണ്‍സിലറുമായ രജനി പ്രദീപിനെ അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കുന്നതിനുള്ള സാധ്യത ഇതോടെ ഏറി. മുന്‍ കൗണ്‍സിലര്‍, സഹകാരി, മഹിള കോണ്‍ഗ്രസ് ഭാരവാഹിത്വം എന്നിവ രജനി പ്രദീപിനു തുണയായി. ഇതിനിടെ അധ്യക്ഷ പദവിയില്‍ വീതംവയ്‌പ്പെന്ന നിര്‍ദേശവുമുണ്ടായതായും സൂചനയുണ്ട്. നഗരസഭാ മുന്‍ കൗണ്‍സിലര്‍ എം സി ഷരീഫിന്റെ ഭാര്യ റെജീന ഷരീഫിനെയും റോസ്‌ലിന്‍ സന്തോഷിനെയും അധ്യക്ഷ പദവിയുടെ രണ്ടാം പാദത്തില്‍ പരിഗണിക്കണമെന്നാണ് നിര്‍ദേശം.
എന്നാല്‍ വീതംവയ്പിനെ കെപിസിസി എതിര്‍ത്ത സാഹചര്യത്തില്‍ ഇതിനുള്ള സാധ്യത കുറവാണ്. ഉപാധ്യക്ഷ സ്ഥാനം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനായി നീക്കിവയ്ക്കുന്നതിനാണ് യുഡിഎഫില്‍ തീരുമാനം. കേരള കോണ്‍ഗ്രസ് എമ്മിലെ പി കെ ജേക്കബിനെയാണ് ഉപാധ്യക്ഷനായി തീരുമാനിച്ചിരിക്കുന്നത്.
അധ്യക്ഷ സ്ഥാനം വീതം വയ്ക്കുന്ന സാഹചര്യമുണ്ടായാല്‍ ഉപാധ്യക്ഷ സ്ഥാനത്തില്‍ തങ്ങളെ കൂടി പരിഗണിക്കണമെന്ന് മുസ്‌ലീം ലീഗ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ലീഗിലെ സഗീറിനെ ഉപാധ്യക്ഷ സ്ഥാനത്തെത്തിക്കുന്നതിനാണ് ആവശ്യം.
Next Story

RELATED STORIES

Share it