ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിരോധനമേര്‍പ്പെടുത്താന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍

കൊച്ചി: ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഗുണനിലവാരമില്ലെന്നു കണ്ടെത്തുന്ന ഭക്ഷ്യ ഉല്‍പന്നങ്ങള്‍ക്കു നിരോധനമേര്‍പ്പെടുത്താന്‍ അധികാരമുണ്ടെന്നു സര്‍ക്കാര്‍. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ കെ അനില്‍കുമാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മായംകലര്‍ത്തിയെന്നു ചൂണ്ടിക്കാട്ടി വെളിച്ചെണ്ണയുടെ നിര്‍മാണവും വില്‍പനയും നിരോധിച്ച നടപടി ചോദ്യംചെയ്ത് കല്ലട ഓയില്‍ മില്‍സ് നല്‍കിയ ഹരജിയിലാണു സര്‍ക്കാരിന്റെ വിശദീകരണം.
മായം കലര്‍ന്നെന്നു ചൂണ്ടിക്കാട്ടി ഇരിങ്ങാലക്കുട ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്‍ പ്രത്യേക ഉത്തരവിലൂടെ വെളിച്ചെണ്ണ നിരോധിച്ചു. എന്നാല്‍, മനുഷ്യജീവനും ആരോഗ്യത്തിനും ഹാനികരമായതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ വസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നു കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ നിരോധനം ഏര്‍പ്പെടുത്താനാവില്ലെന്നു സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ കെ ആര്‍ സുനില്‍കുമാര്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെടുന്നു. എന്നാല്‍, ഹരജിക്കാരുടെ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ പാമൊലിന്‍ പോലുള്ള നിലവാരം കുറഞ്ഞ മറ്റ് എണ്ണ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത വെളിച്ചെണ്ണയില്‍ ചേര്‍ത്തിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഹരജിക്കാരുടേതുള്‍പ്പെടെ ഒമ്പതു ബ്രാന്‍ഡുകളില്‍ വിപണിയിലുണ്ടായിരുന്ന ഉല്‍പന്നങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേയാണ് നടപടിയെടുത്തത്. 2011 ലെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് റെഗുലേഷന്‍ പ്രകാരം ഗുണനിലവാരമില്ലാത്തതും മിസ്ബ്രാന്‍ഡഡുമായ ഉല്‍പന്നങ്ങള്‍ക്കെതിരേയും നടപടി സ്വീകരിക്കാന്‍ വകുപ്പുണ്ട്. നടപടിക്ക് ശേഷവും 'പ്രൈം' എന്ന പേരില്‍ ഹരജിക്കാര്‍ ഉല്‍പന്നം വിപണിയിലിറക്കിയതായും നടപടി റദ്ദാക്കണമെന്ന ആവശ്യം അനുവദിക്കരുതെന്നും സീനിയര്‍ ഗവ. പ്ലീഡര്‍ ടി പി സാജിത് മുഖേന നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it