ഭക്ഷ്യവസ്തുക്കളുടെ നിയന്ത്രണം ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി: ശബരിമലയിലെ ലഘുഭക്ഷണ ശാലകളില്‍ വില്‍ക്കേണ്ട ഭക്ഷ്യവസ്തുക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ദേവസ്വം ബോര്‍ഡ് നടപടി ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതി തള്ളി. ഭക്ഷ്യസാധനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്താനുള്ള അധികാരം ദേവസ്വം ബോര്‍ഡിനുണ്ടെന്ന് ജസ്റ്റിസുമാരായ ഗോപാല ഗൗഡ്, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ശബരിമലയില്‍ ശുചിത്വം ഉറപ്പാക്കേണ്ടത് ദേവസ്വം ബോര്‍ഡിന്റെ ചുമതലയാണെന്നും കോടതി വ്യക്തമാക്കി.
ലഘു ഭക്ഷണശാലകളില്‍ പായ്ക്കറ്റിലുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമേ ആലു പറാത്ത, പുലാവ് തുടങ്ങിയവ പായ്ക്കറ്റുകളില്‍ വില്‍പ്പന നടത്തുന്നത് ദേവസ്വം ബോര്‍ഡ് നേരത്തേ തടഞ്ഞിരുന്നു. ടെന്‍ഡര്‍ പരസ്യത്തില്‍ കുപ്പിവെള്ളം, ചായ, കാപ്പി, ജൂസ്, സ്‌നാക്‌സ്, പായ്ക്കറ്റിലുള്ള ഭക്ഷ്യവസ്തുക്കള്‍ മുതലായവ വില്‍ക്കാമെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍, ഇവയില്‍ എന്തൊക്കെ ഉള്‍പ്പെടുമെന്ന് വ്യക്തതയില്ലെന്ന് ഹരജിക്കാരായ വിജയന്‍പിള്ളയ്ക്കും നിസാറിനും വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ വി ഗിരിയും എം ആര്‍ അഭിലാഷും വാദിച്ചു.
എന്നാല്‍ പുലാവ്, ആലു പറാത്ത എന്നിവ പായ്ക്കറ്റിലാക്കി പമ്പയ്ക്കു പുറത്തുനിന്ന് സന്നിധാനത്ത് എത്തിക്കുമ്പോള്‍തന്നെ മൂന്ന് മണിക്കൂര്‍ പിന്നിടുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ ഇടപെടാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി. തുടര്‍ന്ന് ഹരജികള്‍ കോടതി തള്ളുകയായിരുന്നു.
Next Story

RELATED STORIES

Share it