ബ്രെക്‌സിറ്റിനെതിരേ മുന്നറിയിപ്പുമായി ജി -7

ഇസെ ഷിമ(ജപ്പാന്‍): ആഗോള സമ്പദ്‌വ്യവസ്ഥയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പ്രാധാന്യം നല്‍കുന്നതായി ജി -7 നേതാക്കള്‍. യൂറോപ്യന്‍ യൂനിയനില്‍നിന്നു പുറത്തുപോവുന്നതിനായി ബ്രിട്ടന്‍ വോട്ട് ചെയ്താല്‍ അത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ജപ്പാനിലെ ഇസെ-ഷിമയില്‍ ചേര്‍ന്ന ജി -7 ഉച്ചകോടിക്കുശേഷം പുറത്തുവിട്ട പ്രസ്താവനയില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു. ആഗോള വളര്‍ച്ചയ്ക്കായി സഹകരിക്കുമെന്നും വെല്ലുവിളികളെ ഒരുമിച്ചു പരിഹരിക്കുമെന്നും ഇസെ ഷിമയില്‍ ഒത്തുചേര്‍ന്ന ബ്രിട്ടന്‍, ജര്‍മനി, യുഎസ്, കാനഡ, ജപ്പാന്‍, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ വ്യക്തമാക്കി.

യൂറോപ്യന്‍ യൂനിയനില്‍നിന്നു പുറത്തുപോവുന്നതിനായുള്ള ബ്രിട്ടന്റെ ഹിതപരിശോധന(ബ്രെക്‌സിറ്റ് ഹിതപരിശോധന) ദുരന്തസമാനമായ പ്രത്യാഘാതങ്ങളാവും ആഗോള സാമ്പത്തികരംഗത്തുണ്ടാക്കുക. ബ്രിട്ടന്റെ നടപടി ആഗോള വാണിജ്യരംഗത്തും നിക്ഷേപങ്ങളിലുമുണ്ടായ നേട്ടങ്ങളെ പിന്നോട്ടടിക്കും. തൊഴിലവസരങ്ങളില്‍ കുറവുണ്ടാവാന്‍ ഇത് കാരണമാവുമെന്നും ജി-7 നേതാക്കളുടെ പ്രസ്താവനയില്‍ പറയുന്നു.
കിഴക്കന്‍-തെക്കന്‍ ചൈനാക്കടല്‍ മേഖലയിലുയര്‍ന്നുവരുന്ന തര്‍ക്കങ്ങളില്‍ ആശങ്ക രേഖപ്പെടുത്തുന്നതായും ജി-7 നേതാക്കള്‍ അറിയിച്ചു. തെക്കന്‍ ചൈനാകടലിന്റെ ഏതാണ്ട് മുഴുവന്‍ ഭാഗത്തും ചൈന അവകാശവാദമുന്നയിക്കുന്നത് അയല്‍രാജ്യങ്ങളില്‍ എതിര്‍പ്പപ്പിനു കാരണമായിട്ടുണ്ട്. ഈ മേഖലയിലെ ചൈനയുടെ സൈനിക വിന്യാസവും സ്ഥിതി വഷളാവാന്‍ കാരണമായി. തെക്കന്‍ ചൈനാക്കടലുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സമാധാനപരമായി പരിഹരിക്കപ്പെടണമെന്നും ജി-7 ഉച്ചകോടിക്കെത്തിയ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it