Alappuzha local

ബിഹാറി തൊഴിലാളികളെ വീട് കയറി ആക്രമിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്

ചാരുംമൂട്: നൂറനാട് ബീഹാറികളായ തൊഴിലാളികള്‍ക്ക് നേരെ വീട് കയറി ആക്രമണം. മൂന്ന് പേര്‍ക്ക് മര്‍ദ്ദനമേറ്റു. അക്രമത്തിന് പിന്നില്‍ ഗൂഡോദ്ദേശമുണ്ടോയെന്ന് പോലിസ് അന്വേഷണം. പതിനഞ്ചോളം വരുന്ന അക്രമികളെത്തിയത് കാറിലും ബൈക്കുകളിലും. നൂറനാട് ജങ്ഷന് സമീപമുള്ള വീട്ടില്‍ വാടകക്ക് താമസിച്ചുവരുന്ന ബീഹാര്‍ രാംചൗര്‍ വില്ലേജില്‍ ഗുരുചരണ്‍ ശര്‍മ(41), ബെദൂരി വില്ലേജുകാരായ സതേന്ദ്രമാത്തോ(23), സഞ്ജയ് മാഞ്ജി(25) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ഇവര്‍ക്കൊപ്പം ബീഹാറികളായ രണ്ട് പേരും താമസമുണ്ട്. ഇവര്‍ക്ക് മര്‍ദ്ദനമേറ്റില്ല. ചൊവ്വാഴ്ച രാത്രി എട്ട് മണി കഴിഞ്ഞായിരുന്നു സംഭവം. ഭക്ഷണം പാകം ചെയ്തിരിക്കുമ്പോഴായിരുന്നു അക്രമികള്‍ കാറിലും ബൈക്കുകളിലുമായി എത്തിയത്. ആദ്യം കളര്‍ ചേര്‍ത്ത വെള്ളം നിറച്ച കുപ്പി വീട്ടിലേക്ക് വലിച്ചെറിഞ്ഞു. കുപ്പി പൊട്ടി ഭക്ഷണ സാധനങ്ങളില്‍ വെള്ളം വീഴുകയും ചെയ്തു. തുടര്‍ന്ന് വാഹനങ്ങളില്‍നിന്ന് ഇറങ്ങി വന്നവര്‍ വെള്ളം നിറച്ച കുപ്പികളും വടികളും ഉപയോഗിച്ച് തങ്ങളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഗുരുചരണ്‍ ശര്‍മ പറഞ്ഞു. തങ്ങളോട് ആര്‍ക്കും ശത്രുതയില്ലെന്നും ഒരു കാരണവുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും തൊഴിലാളികള്‍ പറയുന്നു. നൂറനാട്ടുള്ള കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടര്‍ക്കൊപ്പമാണ് ഇവര്‍ ജോലി ചെയ്യുന്നത്. നാല് മാസം മുമ്പാണ് ഇവര്‍ നൂറനാട്ടെത്തിയത്. ഇന്നലെ രാവിലെ ഇവരുടെ വാടക വീട്ടിലെത്തിയ ചിലര്‍ അവിടെ കിടന്നിരുന്ന അക്രമികളുടെ ചെരുപ്പുകള്‍ പെറുക്കിക്കൊണ്ടുപോയതായും തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളികള്‍ നൂറനാട് പോലിസില്‍ പരാതി നല്‍കി. ആരോടും ശത്രുതയില്ലാത്ത ഇവരെ മര്‍ദ്ദിച്ചതിന് പിന്നില്‍ മറ്റ് ഉദ്ദേശങ്ങള്‍ ഉണ്ടോയെന്ന് അന്വേഷിക്കുന്നതായും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it