thrissur local

ബിജെപി-സിപിഎം സംഘര്‍ഷം: അഞ്ച് ബിജെപി പ്രവര്‍ത്തകര്‍കൂടി അറസ്റ്റില്‍

മാള: തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുത്തന്‍ചിറ മങ്കിടിയില്‍ നടന്ന കലാശക്കൊട്ടിനിടെയുണ്ടായ എല്‍ഡിഎഫ്-ബിജെപി സംഘര്‍ഷത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ കൂടി മാള പോലിസ് അറസ്റ്റ് ചെയ്തു. പകരപ്പിള്ളി ചുള്ളിപ്പറമ്പില്‍ സുരേഷ്(37), മങ്കിടി മഠത്തില്‍ മാരാത്ത് ശ്രീകുമാര്‍(37), മൂരിക്കോട് രായിപ്പറമ്പില്‍ പ്രദീപ് (35 ), പകരപ്പിള്ളി ചുള്ളിപ്പറമ്പില്‍ ബിനോയ്(35), മങ്കിടി എടത്തൂട്ട് സന്തോഷ്(37) എന്നിവരെയാണ് മാള എസ്‌ഐ പി ഡി അനൂപ്‌മോനും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കലാശക്കൊട്ടിനിടെ ഇരു മുന്നണികളുടേയും കൊടികള്‍ തമ്മില്‍ കോര്‍ത്തതാണ് സംഘര്‍ഷത്തിന് കാരണം. ഇതിനിടെ ഹര്‍ത്താലിനോടനുബന്ധിച്ച് അക്രമം നടത്തിയ കണ്ടാലറിയാവുന്ന 56 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ മാള പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ബിജെപി പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താലിനിടയില്‍ സിപിഎം പാര്‍ട്ടി ഓഫിസുകള്‍ക്ക് നേരെ വ്യാപകമായി ആക്രമണം നടന്നിരുന്നു.
കുഴൂരും ആനപ്പാറയിലും സിപിഎം പാര്‍ട്ടി ഓഫിസുകള്‍ക്ക് ആക്രമണത്തില്‍ നഷ്ടം സംഭവിച്ചു. അഷ്ടമിച്ചിറ ലോക്കല്‍ കമ്മിറ്റിയംഗവും അണ്ണല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ സി കെ തിലകന്റെ വീടിന് നേരേയും കഴിഞ്ഞ ദിവസം ആക്രമണം നടന്നു. കുരുവിലശ്ശേരിയില്‍ വി കെ രാാജന്റെ പ്രതിമക്ക് നേരേയും നിരവധി കൊടിമരങ്ങള്‍ക്ക് നേരേയും ആക്രമണം നടന്നിരുന്നു. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ കൂടി സംഭവത്തില്‍ അറസ്റ്റിലാകാനുണ്ടെന്ന് എസ്‌ഐ അറിയിച്ചു.
Next Story

RELATED STORIES

Share it