ബാര്‍ കോഴ: മാണി ഹൈക്കോടതിയില്‍

കൊച്ചി: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് കോടതി നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മുന്‍ ധനമന്ത്രി കെ എം മാണി ഹൈക്കോടതിയെ സമീപിച്ചു. ബാര്‍ കോഴ അന്വേഷിക്കുന്ന വിജിലന്‍സ് എസ്പി ആര്‍ സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും ഇതു പൂര്‍ത്തിയാവുംവരെ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് മാണിയുടെ ഹരജി. സുകേശനും ബാര്‍ ഉടമ ബിജു രമേശും ചേര്‍ന്ന് സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.
തനിക്കെതിരായ ബാര്‍ കോഴ ആരോപണം കെട്ടിച്ചമച്ചതും ഗൂഢാലോചനയുടെ ഫലമായുണ്ടായതാണെന്നും തുടക്കംമുതലേ വ്യക്തമാക്കിയിട്ടുള്ളതായി മാണിയുടെ ഹരജിയില്‍ പറയുന്നു. തനിക്കെതിരേ അന്വേഷണം നടത്തി വിജിലന്‍സ് അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപോര്‍ട്ട് സ്വീകരിക്കാതിരിക്കെയാണു സുകേശനെതിരേ ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശുമായി ചേര്‍ന്ന് സുകേശന്‍ ഗൂഢാലോചന നടത്തിയെന്നാണു കണ്ടെത്തിയിരിക്കുന്നത്. ബാര്‍ കോഴക്കേസില്‍ ബിജു രമേശ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയോടൊപ്പം ഹാജരാക്കിയ ശബ്ദരേഖ അടങ്ങിയ സിഡിയാണു സുകേശനെതിരായ തെളിവ്. 2014 ഡിസംബര്‍ 31ന് എറണാകുളത്തെ ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ യോഗത്തില്‍ ബിജു രമേശ് നടത്തുന്ന സംഭാഷണമാണ് സിഡിയിലുള്ളത്.
മൊഴിയെടുക്കല്‍ വേളയില്‍ സുകേശന്റേത് സൗഹാര്‍ദ പെരുമാറ്റമായിരുന്നെന്നും അദ്ദേഹവുമായി തനിക്ക് പണ്ടുമുതല്‍ അടുപ്പമുണ്ടെന്നും ബിജു പറയുന്നുണ്ട്. കേസില്‍ തീര്‍ച്ചയായും മന്ത്രിമാര്‍ക്കെതിരേ കുറ്റപത്രം കൊടുക്കുമെന്ന് എസ്പി പറഞ്ഞതായും ബിജു പരാമര്‍ശിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സുകേശനെതിരേ അന്വേഷണത്തിന് ഉത്തരവുണ്ടായതെന്നും ഹരജിയില്‍ വിശദീകരിക്കുന്നു.
Next Story

RELATED STORIES

Share it