ബാര്‍ കോഴക്കേസിലെ ദ്രുതപരിശോധന ; ബാബുവിന് ക്ലീന്‍ ചിറ്റെന്ന് സൂചന; റിപോര്‍ട്ട് കൈമാറി

കൊച്ചി: മന്ത്രി കെ ബാബുവിനെതിരായ ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് നടത്തിയ ദ്രുതപരിശോധന റിപോര്‍ട്ട് ഡയറക്ടര്‍ക്കു കൈമാറി. ബാബു കോഴ വാങ്ങിയതിനു തെളിവില്ലെന്ന റിപോര്‍ട്ടാണ് വിജിലന്‍സ് എസ്പി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നല്‍കിയിരിക്കുന്നതെന്നാണു സൂചന.
പ്രാഥമികാന്വേഷണത്തില്‍ പരിശോധിക്കാതിരുന്ന ബാങ്ക് ഇടപാടുകള്‍ ദ്രുതപരിശോധനയില്‍ ഉള്‍പ്പെടുത്തിയെന്നും ബാറുടമ ബിജു രമേശിന്റെയും അദ്ദേഹം ഹാജരാക്കിയ സാക്ഷികളുടെയും മൊഴികളില്‍ പൊരുത്തക്കേടുണ്ടെന്നും റിപോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായാണു വിവരം. 30 ലക്ഷമായി നിശ്ചയിച്ച ബാര്‍ ലൈസന്‍സ് ഫീസ് 23 ലക്ഷമാക്കാന്‍ 2013 ഏപ്രിലില്‍ ബാബുവിന് 50 ലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നാണ് ബിജു രമേശിന്റെ ആരോപണം.
അസോസിയേഷന്‍ പിരിച്ചു നല്‍കിയ 40 ലക്ഷവും തന്റെ വിഹിതമായ 10 ലക്ഷവും ചേര്‍ത്താണ് തുക നല്‍കിയതെന്നും ബിജുവിന്റെ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു.
പണം നല്‍കിയെന്നു പറയുന്ന ബാറുടമകളുടെയും കെ ബാബുവിന്റെയും ബാങ്ക് അക്കൗണ്ടുകളിലൂടെ നടന്ന പണമിടപാടുകളുടെ വിശദവിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചു. മന്ത്രിക്ക് കോഴ നല്‍കിയെന്ന് ആരോപിക്കപ്പെട്ട കാലയളവില്‍ ഇത്തരത്തിലുള്ള പണമിടപാടുകള്‍ നടന്നതിനും ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ അംഗങ്ങളുടെയോ ബിജു രമേശിന്റെയോ അക്കൗണ്ടുകളില്‍ നിന്ന് തുക പിന്‍വലിച്ചതിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും റിപോര്‍ട്ടില്‍ ഉള്ളതായാണു സൂചന.
ബിജു രമേശ്, സാക്ഷികളായ ഡ്രൈവര്‍ രാധാകൃഷ്ണന്‍, മുഹമ്മദ് റസീഫ് എന്നിവര്‍ നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും ഈ മൊഴികള്‍ വിശ്വസനീയമല്ലെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. പണം കൈമാറിയെന്ന് ബിജു രമേശ് സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ സമയവും വിജിലന്‍സിനു നല്‍കിയ മൊഴിയില്‍ പറയുന്ന സമയവും തമ്മില്‍ പൊരുത്തക്കേടുണ്ട്.
നേരത്തെ നടത്തിയ പ്രാഥമികാന്വേഷണ റിപോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ആര്‍ നിശാന്തിനിയുടെ ദ്രുതപരിശോധന. വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കിയ ദ്രുതപരിശോധനാ റിപോര്‍ട്ട് ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും.
പൊതുപ്രവര്‍ത്തകന്‍ ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹരജിയില്‍ വിജിലന്‍സ് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ദ്രുതപരിശോധന.
Next Story

RELATED STORIES

Share it