kannur local

ബാരാപോളില്‍ വൈദ്യുതി ഉല്‍പാദനം തുടങ്ങുന്നു

ഇരിട്ടി: മൂന്നു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ മലയോരത്തിന്റെ സ്വപ്‌ന പദ്ധതിയായ ബാരാപോള്‍ ജലവൈദ്യുത പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലേക്ക്. ആഴ്ചകള്‍ക്കുള്ളില്‍ പദ്ധതിയില്‍ നിന്ന് പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതോല്‍പാദനം തുടങ്ങും. കഴിഞ്ഞ ദിവസം കനാല്‍ വഴി വെള്ളം ഒഴുകുന്ന പ്രവര്‍ത്തനം വിജയകരമായി നടത്തിയിരുന്നു.
പ്രവൃത്തി പുരോഗമിച്ചാല്‍ അടുത്ത മാസത്തോടെ പദ്ധതി കമ്മീഷന്‍ ചെയ്യാനാവുമെന്നാണ് പ്രതീക്ഷ. പദ്ധതിയില്‍ നിന്ന് തുടക്കത്തില്‍ 15 മെഗാവാട്ട് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കുക. കുടക് മലനിരകളില്‍ നിന്ന് ഉദ്ഭവിച്ചെത്തുന്ന ബാരാപുഴയിലെ നീരൊഴുക്ക് പാലത്തിന്‍കടവ് സൈറ്റില്‍ തടഞ്ഞുനിര്‍ത്തി ജലം മൂന്ന് കിലോമീറ്റര്‍ ദൂരം കനാലിലൂടെ കൊണ്ടുവന്ന് അനുബന്ധമായി സ്ഥാപിച്ച മൂന്ന് ടര്‍ബൈനുകളില്‍ പതിപ്പിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാവുന്ന വിധത്തിലാണ് നിര്‍മാണം. കെഎസ്ഇബി നേരിട്ടു നടപ്പാക്കുന്ന പദ്ധതിയില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കുന്നോത്ത് 110 കെവി സബ് സ്റ്റേഷന്‍ വഴിയാണ് വിതരണം ചെയ്യുക.
ഇതിനായി ഭൂഗര്‍ഭ കേബിള്‍ വഴി വൈദ്യുതി ലൈന്‍ വലിക്കുന്ന പ്രവൃത്തിയും പൂര്‍ത്തിയായിട്ടുണ്ട്. 33 കിലോവാട്ട് ശേഷിയുള്ള സബ്‌സ്റ്റേഷന്‍, കനാലുകള്‍, പവര്‍ഹൗസ്, ട്രാന്‍സ്‌ഫോമറുകള്‍ എന്നിവയുടെ നിര്‍മാണവും പൂര്‍ത്തിയായി.
120 കോടിയോളം രൂപ ചെലവ് വരുന്ന പദ്ധതിയുടെ സിവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എറണാകുളത്തെ പൗലോസ് ജോര്‍ജ് കണ്‍സ്ട്രക്ഷന്‍ കമ്പനിയും മെക്കാനിക്കല്‍ പ്രവര്‍ത്തനങ്ങള്‍ കിര്‍ലോസ്‌കര്‍ ബ്രദേഴ്‌സുമാണ് നടത്തിയത്. ജലവൈദ്യുതി പദ്ധതിയോടനുബന്ധിച്ച് 3 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ വൈദ്യുതി പദ്ധതിയും സ്ഥാപിക്കുന്നുണ്ട്. കെല്‍ട്രോണിനാണ് ഇതിന്റെ നിര്‍മാണ ചുമതല.
അയ്യന്‍കുന്ന് ഗ്രാമപഞ്ചായത്തിലെ പാലത്തിന്‍കടവ്, കച്ചേരിക്കടവ് പ്രദേശങ്ങളിലെ ടൂറിസം വികസന സാധ്യതകള്‍ക്കും പദ്ധതി പ്രയോജനപ്പെടുമെന്നാണു പ്രതീക്ഷ.
Next Story

RELATED STORIES

Share it