ബംഗാളും ഔദ്യോഗിക കമ്മ്യൂണിസ്റ്റുകളും

ടി ജി ജേക്കബ്

ഡിസംബര്‍ 27, 2015ല്‍ കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന സിപിഎം റാലി ആ പാര്‍ട്ടിയെ കുറേക്കാലമായി ഗ്രസിച്ചിരിക്കുന്ന പരാജയബോധത്തിന് ഒരു മറുമരുന്നായിരുന്നു. ഒട്ടും മോശമല്ലാത്ത ശക്തിപ്രകടനമായിരുന്നു റാലി. മമത ബാനര്‍ജിയുടെ വിശ്വാസ്യതയ്ക്ക് കോട്ടംതട്ടിക്കൊണ്ടിരിക്കുന്നു എന്നതിന് ഒരു തെളിവായി ഈ റാലിയെ കാണാന്‍ കഴിയും. തൃണമൂല്‍ കോണ്‍ഗ്രസ്സിന് ജനപിന്തുണ നഷ്ടപ്പെടുന്നു എന്നതിന്റെ പ്രകടമായ ലക്ഷണം ആ പാര്‍ട്ടി ഗുണ്ടാശക്തി ഉപയോഗിച്ച് ജനാധിപത്യപ്രക്രിയകളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതാണ്. സിപിഎം ഭരണത്തില്‍നിന്നു പുറത്താവാനുള്ള പ്രധാന കാരണവും ഇതുതന്നെയായിരുന്നു. അധികാരത്തില്‍നിന്നു പുറത്തായപ്പോള്‍ അവരുടെ പാര്‍ട്ടി സംഘടന അല്ല തളര്‍ന്നത്. അധികാരത്തിന്റെ സൗജന്യങ്ങള്‍ അനുഭവിച്ചിരുന്ന അനുഭാവി വിഭാഗങ്ങളാണ് കളം മാറ്റി ചവിട്ടിയത്. അതൊട്ടും അപ്രതീക്ഷിതമല്ലതാനും. പക്ഷേ, ദീര്‍ഘകാലം അധികാരമില്ലെങ്കില്‍ സംഘടനാ കെട്ടുറപ്പില്‍ വിള്ളലുകളുണ്ടാവും എന്ന് നേതൃത്വത്തിന് നന്നായറിയാം. ബംഗാളില്‍ സിപിഎം നേരിടുന്ന അടിസ്ഥാന പ്രശ്‌നം ഇതാണ്. ഈ പ്രശ്‌നം പരിഹരിക്കാനാണ് ഇപ്പോഴത്തെ തകൃതിയായ ശ്രമങ്ങള്‍. തിരഞ്ഞെടുപ്പ് വര്‍ഷാവസാനമാണ് എന്ന വസ്തുത ഈ ശ്രമങ്ങള്‍ക്ക് അടിയന്തര സ്വഭാവം കൊടുക്കുന്നു.
ഇടതുമുന്നണിയിലില്ലാത്ത ചെറിയ ഇടതുപക്ഷ പാര്‍ലമെന്ററി ഗ്രൂപ്പുകളെ മുന്നണിയില്‍ കൊണ്ടുവന്ന് അതിനെ ശക്തിപ്പെടുത്താനായിരുന്നു ആദ്യ ശ്രമങ്ങള്‍. സിപിഐ(എംഎല്‍) ലേബലുള്ള സായുധസമരം ഉപേക്ഷിച്ച ഗ്രൂപ്പുകള്‍, എസ്‌യുസിഐ തുടങ്ങിയ സംഘടനകളെ ഉള്‍പ്പെടുത്തി ഇടതുമുന്നണിയെ കുറേക്കൂടി വിപുലീകരിക്കാനായിരുന്നു ഈ നീക്കം. ഈ നീക്കംകൊണ്ട് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയില്ലെന്ന് നേതൃത്വത്തിന് വേഗം തന്നെ മനസ്സിലായി. കാരണം, ഈ സംഘടനകള്‍ക്ക് കാര്യമായ വോട്ടുബാങ്കുകളോ ജനപിന്തുണയോ ഇല്ലെന്നതു തന്നെ. സിപിഎമ്മിനെ ഒഴിവാക്കിയാല്‍ കാര്യമായ വോട്ടുബാങ്കുകള്‍ ഉള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയും കോണ്‍ഗ്രസ്സുമാണ്. ഇവയില്‍ ഏതെങ്കിലും ഒരു പാര്‍ട്ടിയുമായേ തിരഞ്ഞെടുപ്പ് സഖ്യം സാധ്യമാവൂ എന്നു വ്യക്തം. ബംഗാളില്‍ ബിജെപി മമത ബാനര്‍ജിയുമായി സഖ്യം ഉണ്ടാക്കാന്‍ മുമ്പേ തന്നെ നീക്കങ്ങളുണ്ടായിരുന്നു. അങ്ങനെയൊരു സാധ്യത യുക്തിക്കു നിരക്കുന്നതുമാണ്. ഈ പശ്ചാത്തലത്തിലാണ് സിപിഎം നേതൃത്വം ഇപ്പോള്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തിനു ശ്രമിക്കുന്നത്. ഏറ്റവും മുതിര്‍ന്ന നേതാവായ ബുദ്ധദേവ് ഭട്ടാചാര്യ ഈ കാര്യം ഒന്നില്‍ കൂടുതല്‍ തവണ തുറന്നുപറഞ്ഞു കഴിഞ്ഞു. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിനും ഇതേ അഭിപ്രായമാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇങ്ങനെയൊരു സഖ്യം അംഗീകരിക്കുന്നതില്‍ വേണ്ടത്ര ശുഷ്‌കാന്തിയും വേഗവും കാണിക്കുന്നില്ല എന്നാണ് ബംഗാള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും സിപിഎം നേതൃത്വത്തിന്റെയും പൊതുവായ പരാതി.
രണ്ട് സംസ്ഥാനതല നേതൃത്വങ്ങളും ഈ സഖ്യത്തിനു വേണ്ടി ശക്തമായ അണിയറനീക്കങ്ങള്‍ നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതു പ്രാവര്‍ത്തികമാവാനുള്ള സാധ്യത വളരെ സജീവവുമാണ്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ 'അലസത'യ്ക്കു കാരണം ചില കണക്കുകൂട്ടലുകളാണ്. സിപിഎം-കോണ്‍ഗ്രസ് സഖ്യം പ്രഖ്യാപിച്ചാല്‍ അത് മമത ബാനര്‍ജിയെയും ബിജെപിയെയും സഖ്യത്തിലേക്ക് തള്ളിവിടും. അങ്ങനെയാവുമ്പോള്‍ ആ സഖ്യം മമതയുടെ നേതൃത്വത്തില്‍ അധികാരത്തില്‍ വരും. ഈ കണക്കുകൂട്ടല്‍ യാഥാര്‍ഥ്യബോധമുള്ളതാണ്. സിപിഎം മമതയുമായോ ബിജെപിയുമായോ സഖ്യം ഉണ്ടാക്കാന്‍ യാതൊരു സാധ്യതയുമില്ല. അതിനു കഴിയുകയുമില്ല. അവരുടെ മുന്നിലുള്ള ഏക സാധ്യത കോണ്‍ഗ്രസ്സാണ്. ഇങ്ങനെയൊരു കുടുക്കില്‍ അകപ്പെട്ടിരിക്കുന്ന സിപിഎമ്മില്‍നിന്ന് പരമാവധി സീറ്റുകള്‍ തട്ടിയെടുക്കാനായിരിക്കും കോണ്‍ഗ്രസ് ശ്രമം. വരാന്‍പോവുന്ന ബംഗാള്‍ തിരഞ്ഞെടുപ്പ് ഇങ്ങനെയുള്ള വിരോധാഭാസങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് ബംഗാള്‍ രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നതില്‍ യാതൊരു അദ്ഭുതവുമില്ല. അധികാരത്തില്‍ തിരിച്ചുവരേണ്ടത് സിപിഎമ്മിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. അതിനുവേണ്ടി അവര്‍ എന്തു നീക്കുപോക്കിനും തയ്യാറാവും എന്ന വിലയിരുത്തല്‍ ഒട്ടും അസ്ഥാനത്തല്ല.
എന്തുകൊണ്ടാണ് മുഖ്യ ഇടതുപക്ഷ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം ഇങ്ങനെയൊരു വെട്ടില്‍ വീണിരിക്കുന്നത്? തീര്‍ച്ചയായും ഇത് പെട്ടെന്നുണ്ടായതോ ആരെങ്കിലും അടിച്ചേല്‍പ്പിച്ചതോ ആയ ഒരു കുരുക്കല്ല. ജനങ്ങളുടെ ജീവല്‍മരണ പ്രശ്‌നങ്ങളില്‍ ക്രിയാത്മകമായി, രാഷ്ട്രീയമായി ഇടപെടാനുള്ള രാഷ്ട്രീയപരിപാടി നഷ്ടപ്പെട്ട ഒരു പാര്‍ട്ടിയാണത്. ഗുരുതരമായ പ്രശ്‌നങ്ങളുടെ അഭാവമല്ല കാരണം. മറിച്ച്, ബഹുജനങ്ങളെ നീരാളിപ്പിടിത്തത്തിലാക്കുന്ന അതിതീക്ഷ്ണമായ പ്രശ്‌നങ്ങളോട് പ്രതികരിക്കാനുള്ള ശേഷി നഷ്ടപ്പെട്ട, അധികാര രാഷ്ട്രീയത്തില്‍ മാത്രം കേന്ദ്രീകരിക്കുന്ന ഒരു 'വിപ്ലവ' പാര്‍ട്ടിയുടെ ഗതികെട്ട അവസ്ഥയാണ് ഇതു കാണിക്കുന്നത്.
തൊഴിലാളികളുടെ പ്രശ്‌നങ്ങളായാലും കൃഷിക്കാരുടെ പ്രശ്‌നങ്ങളായാലും വിദ്യാഭ്യാസത്തിന്റെ പ്രശ്‌നങ്ങളായാലും വര്‍ഗീയ ഫാഷിസത്തിന്റെ കടന്നാക്രമണമായാലും സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ കൊടുംചൂഷണമായാലും ഔദ്യോഗിക കമ്മ്യൂണിസ്റ്റുകള്‍ക്ക് നേരിടാന്‍ ആയുധങ്ങളില്ല. ആശയപരമായ പാപ്പരത്വത്തിന്റെ നെല്ലിപ്പലകയാണീ അവസ്ഥ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം ചൂണ്ടിക്കാണിക്കുന്നത്. അതുകൊണ്ടാണ് കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കി അധികാരത്തില്‍ തിരിച്ചുവരാമെന്ന് ബുദ്ധദേവിനെപ്പോലുള്ളവര്‍ വ്യാമോഹിക്കുന്നത്. 'പാര്‍ലമെന്റ് റിക്രെട്ടിനിസ'ത്തിന്റെ അതിവികലമായ ആവിഷ്‌കാരം.
കഴിഞ്ഞ നിരവധി ദശകങ്ങളായി സാമ്പത്തിക മുരടിപ്പില്‍ പുതഞ്ഞുകിടക്കുന്ന ബംഗാളിന് പുതുജീവന്‍ കൊടുക്കാനായി സിപിഎം ആവിഷ്‌കരിച്ച ചികില്‍സ ദേശീയ-അന്തര്‍ദേശീയ കോര്‍പറേറ്റുകളെ വിളിച്ചുവരുത്തി എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്ത് സാമ്പത്തിക വളര്‍ച്ചാനിരക്ക് ഉയര്‍ത്തുക എന്നതായിരുന്നല്ലോ. അങ്ങനെയാണല്ലോ നന്തിഗ്രാമും സിംഗൂരുമൊക്കെ ആവിര്‍ഭവിച്ചത്. ഈ 'തൊഴില്‍ സൃഷ്ടിക്കാത്ത വളര്‍ച്ച' പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴാണ് ജനങ്ങള്‍ അവരെ കൈവിട്ടത്. ഇതാണ് മമത ബാനര്‍ജിയെ അധികാരത്തില്‍ കൊണ്ടുവന്നത്. ഇന്നു മമത അവകാശപ്പെടുന്നത് അവരുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബംഗാളിന്റെ നിക്ഷേപസാഹചര്യം വളരെയേറെ മെച്ചപ്പെട്ടെന്നും അതിന്റെ കാരണം സിപിഎമ്മിന്റെ 'ദുര്‍ഭരണം' അവസാനിച്ചതാണെന്നും ബംഗാള്‍ ഇപ്പോള്‍ ഒരു വന്‍ കുതിച്ചുചാട്ടത്തിലാണെന്നുമാണ്. സിപിഎമ്മിന്റെയും മറ്റു സാമ്പത്തികശാസ്ത്രജ്ഞരും കണക്കുകള്‍ ഉദ്ധരിച്ച് ഈ വാദം പൊള്ളയാണെന്ന് സ്ഥാപിക്കുന്നുണ്ട്. സിപിഎം വാദിക്കുന്നത് കോര്‍പറേറ്റ് മൂലധനം വഴിയുള്ള വളര്‍ച്ചയാണ് ഏക മാര്‍ഗമെന്നാണ്. കോര്‍പറേറ്റ് നിയന്ത്രിതമായ വ്യവസായവല്‍ക്കരണ മോഡലിനപ്പുറത്തേക്ക് സിപിഎം ചിന്തിച്ചിട്ടുപോലുമില്ല. അവരുടെ ഭരണത്തിന്റെ ആദ്യദശകത്തില്‍ ഇതായിരുന്നില്ല സ്ഥിതി.
മറ്റൊരു കാര്യം കൂടി സൂചിപ്പിക്കാതെ ചിത്രം പൂര്‍ണമാവില്ല. ഇത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്ന് സിപിഎം അരങ്ങത്തുവന്നപ്പോള്‍ പിളര്‍പ്പിന്റെ ഒരു പ്രധാന കാരണമായി പറഞ്ഞിരുന്നത് കോണ്‍ഗ്രസ്സിനോടുള്ള സമീപനത്തിലുള്ള അന്തരമായിരുന്നു. പുരോഗമനസ്വഭാവമുള്ള ദേശീയ മുതലാളിവര്‍ഗത്തെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയമായി പ്രതിനിധീകരിക്കുന്നതെന്നും അതുകൊണ്ട് അവര്‍ തൊഴിലാളിവര്‍ഗ വിപ്ലവത്തിന്റെ സുഹൃത്തുക്കളാണെന്നും സിപിഐയും അങ്ങനെയല്ലെന്ന് സിപിഎമ്മും നിലപാടുകളെടുത്തു.
ഇപ്പോഴാവട്ടെ സിപിഎം തന്നെയാണ് കോണ്‍ഗ്രസ്സുമായി സഖ്യത്തിന് മുന്‍കൈ എടുക്കുന്നത്. സിപിഐ, സിപിഎം പാര്‍ട്ടികളുടെ വ്യത്യസ്ത അസ്തിത്വങ്ങള്‍ക്ക് ഒരു കാരണവും പറയാനില്ലാത്ത സാഹചര്യമാണ്. ഇനിയും അവര്‍ എന്തിനാണ് പ്രത്യേകം പ്രത്യേകം പാര്‍ട്ടി ഓഫിസുകള്‍ നിലനിര്‍ത്തുന്നത് എന്ന ചോദ്യം ഇന്ന് കൂടുതല്‍ പ്രസക്തമാണ്. കോണ്‍ഗ്രസ്സുമായി കൂട്ടുകൂടുന്നതിനെതിരേ സിപിഎം അണികള്‍ മുറുമുറുത്താല്‍ മറുപടി ഇപ്പോള്‍ തന്നെ റെഡിയാണ്. 'വര്‍ഗീയ ഫാഷിസം' മുഖ്യ ശത്രുവാണെന്ന് പാര്‍ട്ടി നേതൃത്വം വിശദീകരിക്കും.
Next Story

RELATED STORIES

Share it