ഫിലിപ്പീന്‍സിലെ കോപ്പു ചുഴലിക്കൊടുങ്കാറ്റ്; നിരവധി ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം

മനില: വടക്കന്‍ ഫിലിപ്പീന്‍സില്‍ കനത്ത നാശംവിതച്ച കോപ്പു ചുഴലിക്കൊടുങ്കാറ്റിനു പിന്നാലെയെത്തിയ പേമാരിയും പ്രളയവും നിരവധി ഗ്രാമങ്ങളെ ദുരിതത്തിലാക്കി. ചുഴലിക്കാറ്റില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ആയിരങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. പ്രളയത്തില്‍ കുടുങ്ങിയവരെ സഹായിക്കാനായി വിന്യസിച്ച സൈന്യത്തിന് വിദൂര ഗ്രാമങ്ങളിലേക്ക് ഇതുവരെ എത്താന്‍ സാധിച്ചിട്ടില്ല. ചുഴലിയുടെ ശക്തി കുറഞ്ഞുവരുകയാണെന്നു ജാപ്പനീസ് കാലാവസ്ഥാ നിരീക്ഷണ ഏജന്‍സി അറിയിച്ചു. ചുഴലിക്കൊടുങ്കാറ്റില്‍ നൂറുകണക്കിന് വീടുകള്‍ തകരുകയും വൈദ്യുതിബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെടുകയും ചെയ്തു.  ലുസോണ്‍ ദ്വീപിലെ കാസിഗുരാന്‍ പട്ടണത്തില്‍ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. രാജ്യത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കി.തിരമാലകള്‍ നാലു മീറ്റര്‍വരെ ഉയരത്തില്‍ ആഞ്ഞടിച്ചു. കാറ്റിനെത്തുടര്‍ന്ന് വിമാന, ബോട്ട് സര്‍വീസുകള്‍ റദ്ദാക്കി. മലയോരപ്രദേശങ്ങളിലെ ബസ് സര്‍വീസുകളും നിര്‍ത്തിവച്ചു. രാജ്യത്ത് ഈ വര്‍ഷം നടക്കുന്ന 12ാമത്തെ ചുഴലിക്കൊടുങ്കാറ്റാണ് 'കോപ്പു'. 2013ല്‍ രാജ്യത്തുണ്ടായ 'ഹയാന്‍' ചുഴലിക്കൊടുങ്കാറ്റില്‍ 6,300 പേര്‍ മരിച്ചിരുന്നു.
Next Story

RELATED STORIES

Share it