ഫിഫ ലോകകപ്പ്: സ്‌റ്റേഡിയം നവീകരണം 15നു തുടങ്ങും

കൊച്ചി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിനുള്ള കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മെയ് 15നു തുടങ്ങും. ഇതോടൊപ്പം നാല് പരിശീലന കേന്ദ്രങ്ങളുടെ നവീകരണത്തിനും തുടക്കമാവും.
കുഫോസ് മൈതാനത്തിനു പകരം ഫോര്‍ട്ട് കൊച്ചി പരേഡ് മൈതാനം പുതിയ പരിശീലന വേദിയായി തിരഞ്ഞെടുത്തിട്ടുണ്ട്. ലോകകപ്പ് ഫുട്‌ബോള്‍ നോഡല്‍ ഓഫിസര്‍ എ പി എം മുഹമ്മദ് ഹനീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കര്‍മസമിതി യോഗത്തിലാണ് ഈ തീരുമാനം. കലൂര്‍ സ്‌റ്റേഡിയം നവീകരണ പ്രവര്‍ത്തനം നടത്തുന്നതിനുള്ള കണ്‍സള്‍ട്ടന്റ് ആയി സ്‌പോര്‍ട്‌സ് ടര്‍ഫ് ആന്റ് ഗോള്‍ഫ് എന്റര്‍പ്രൈസസ് (ഇന്ത്യ) എന്ന സ്ഥാപനത്തെ നേരത്തെ നിശ്ചയിച്ചിരുന്നു. ഫിഫ നിലവാരത്തില്‍ മൈതാനവും ഗാലറിയും മറ്റും സജ്ജമാക്കുകയാണ് അടുത്തപടി. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് ഇന്നലെ തുടക്കമായിട്ടുണ്ട്.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിഹിതമായ 25 കോടി രൂപ ചെലവിലാണ് നവീകരണ പ്രവര്‍ത്തനം. ഈ തുക മെയ് 19നു ശേഷം ലഭ്യമാവും. കളിസ്ഥലം, സ്വീവേജ് ട്രീറ്റ്‌മെന്റ്, അഗ്‌നി പ്രതിരോധ പ്രവര്‍ത്തനം, ടോയ്‌ലറ്റ് ബ്ലോക്ക് സജ്ജീകരണം, മല്‍സരവേദി, ശബ്ദ-വെളിച്ച സംവിധാനം, കാനകളുടെ പുനസ്സംവിധാനം, ശീതീകരണ സംവിധാനം, കസേരകളുടെ പുനക്രമീകരണം തുടങ്ങിയവയാണ് ഇനി നടത്തേണ്ടത്. ഇവയ്ക്കുള്ള ടെന്‍ഡര്‍ നടപടികളാണ് തുടങ്ങിയിട്ടുള്ളത്.
ഫോര്‍ട്ടുകൊച്ചി വെളി മൈതാനം, പരേഡ് മൈതാനം, പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, മഹാരാജാസ് കോളജ് മൈതാനം എന്നിവങ്ങളിലാണ് പരിശീലന വേദികള്‍ സജ്ജമാക്കുന്നത്. രാജ്യാന്തര തലത്തിലാവും ഇവിടെയും സജ്ജീകരണം. യോഗത്തില്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ ജാവിയര്‍ സിപ്പി, മല്‍സരവേദി ഹെഡ് റോമ ഖന്ന, ജിസിഡിഎ ചെയര്‍മാന്‍ എന്‍ വേണുഗോപാല്‍, കൊച്ചി നഗരസഭ സെക്രട്ടറി അമിത് മീണ, ആര്‍ ലാലു, ജയേഷ് ജോര്‍ജ്, വിനുജ ആനന്ദ്, കെ കെ അബ്ദുല്ലക്കുട്ടി, ബിന്ദു, എം കെ ഷൈന്‍മോന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it