kozhikode local

പ്രിയപ്പെട്ടവന്റെ വിയോഗം താങ്ങാനാവാതെ മാധ്യമപ്രവര്‍ത്തകര്‍

കോഴിക്കോട്: നിറഞ്ഞ ചിരിയും തുറന്നഹൃദയവുമായി പ്രസ്‌ക്ലബ്ബില്‍ എന്നുമെത്താറുള്ള പ്രിയ സുഹൃത്തിന്റെ പെട്ടെന്നുള്ള വിയോഗം താങ്ങാനാവാതെ സുഹൃത്തുക്കള്‍. കോഴിക്കോട്ടെ മാധ്യമരാഷ്ട്രീയ മേഖലയില്‍ ചുരുങ്ങിയ കാലത്തിനിടെ വിശാലമായ സുഹൃദ്‌വലയം സ്വന്തമാക്കിയ ജിബിന്റെ മരണവാര്‍ത്ത വിശ്വസിക്കാനാവാതെ സഹപ്രവര്‍ത്തകര്‍ വിതുമ്പി. കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആ ന്റ് ജേണലിസം കോഴ്‌സ് പൂര്‍ത്തിയാക്കി വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത ജിബിന്‍ പി മൂഴിക്കല്‍ ചെറിയ കാലയളവിനുള്ളില്‍ നിരവധി വാര്‍ത്തകളിലൂടെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. പല റിപോര്‍ട്ടുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളില്‍ ഏറെ വിവാദങ്ങളും ഒച്ചപ്പാടുകളുമുണ്ടാക്കി. ചര്‍ച്ച ചെയ്യപ്പെട്ട ഇത്തരം വാര്‍ത്തകളിലൂടെ കോഴിക്കോട്ടെ രാഷ്ട്രീയ നേതൃത്വവുമായി അടുപ്പം സൂക്ഷിക്കാന്‍ ജിബിന് സാധിച്ചു. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാട് പുലര്‍ത്തുമ്പോഴും തന്റെ റിപോര്‍ട്ടുകളില്‍ നിഷ്പക്ഷത പുലര്‍ത്തി ജിബിന്‍ ഏവരുടെയും പ്രശംസയ്ക്ക് പാത്രമായി. വര്‍ത്തമാനം, കേരളകൗമുദി, ജനയുഗം, ദീപിക ദിനപത്രങ്ങളിലെ ജിവിതം ജിബിന് സമ്മാനിച്ചത് മാധ്യമലോകത്ത് തലമുറകളുടെ വിടവില്ലാത്ത സൗഹൃദമായിരുന്നു. പ്രശ്‌നങ്ങളെ പുഞ്ചിരിയോടെ നേരിട്ട ജിബിന്‍ മറ്റുള്ളവരുടെ പ്രയാസങ്ങളെ ഏറ്റെടുത്ത ചെറുപ്പക്കാരന്‍ കൂടിയായിരുന്നു. കാലിക്കറ്റ് പ്രസ് ക്ലബ്ബുമായ് ബന്ധപ്പെട്ട പരിപാടികളില്‍ സജീവ സാന്നിധ്യമായ ജിബിന്‍ മികച്ച സംഘാടകനുമായിരുന്നു. ജന്മനാടായ മൂഴിക്കല്‍ ഏറെ വികാരനിര്‍ഭരമായാണ് യുവസുഹൃത്തിന് യാത്രാമൊഴിയേകിയത്. ജിബിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള പ്രമുഖരാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലും മൂഴിക്കലിലെ വസതിയിലും മാവൂര്‍ റോഡ് ശ്മശാനത്തിലും ഒഴുകിയെത്തിയത്. പ്രിയപ്പെട്ട സുഹൃത്തിന്റെ വിയോഗത്തില്‍ ഏറെ ദുഖത്തിലാണ് കോഴിക്കോട്ടെ മാധ്യമലോകം.
Next Story

RELATED STORIES

Share it