Pathanamthitta local

പ്രവചനങ്ങള്‍ക്കു വിരാമമിട്ട് ഫലപ്രഖ്യാപനം ഇന്ന്

പത്തനംതിട്ട: പ്രവചനങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വിരാമമിട്ട് പതിനാലാം കേരള നിയമസഭയില്‍ ജില്ലയെ പ്രതിനിധീകരിക്കുന്നത് ആരൊക്കെ ഇന്ന് അറിയാം. ജില്ലയിലെ അഞ്ചു കേന്ദ്രങ്ങളിലായി ഇന്നു രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. ഉച്ചയ്ക്കു മുമ്പായി അഞ്ചുമണ്ഡലങ്ങളിലെയും ഫലം അറിയാനാവും.
തിരുവല്ല മാര്‍ത്തോമാ കോളജ്, റാന്നി സെന്റ് തോമസ് കോളജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ്, കോന്നി എലിയറയ്ക്കല്‍ അമൃതാ വിഎച്ച്എസ്എസ്, അടൂര്‍ ബിഎഡ് സെന്റര്‍ എന്നിവയാണ് ജില്ലയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. ആദ്യഫല സൂചനകള്‍ 8.30 ഓടെ പുറത്തുവരും. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും 500 പോസ്റ്റല്‍ ബാലറ്റിന് ഒരു ടേബിള്‍ വീതം ക്രമീകരിച്ചിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റ് ടേബിള്‍ ഉള്‍പ്പെടെ ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ 16 ടേബിള്‍ ഉണ്ടാവും.
ഒരു ടേബിളില്‍ ഒന്നു വീതം സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, സ്ഥാനാര്‍ഥികളുടെ ഏജന്റ് എന്നിവരെ നിയോഗിക്കും.
തപാല്‍ വോട്ട് എണ്ണി തുടങ്ങിയ ശേഷമേ വോട്ടിങ് യന്ത്രത്തിലെ വോട്ട് എണ്ണുകയുള്ളു. വോട്ടെണ്ണലിന് കുറ്റമറ്റ മൂന്നു തലത്തിലുള്ള ടാബുലേഷന്‍ സംവിധാനമാണ് അവലംബിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് അഞ്ചു നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ പ്രക്രിയ നടക്കുക.
രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാര്‍ക്ക് സംശയങ്ങള്‍ അപ്പോള്‍ തന്നെ ദൂരീകരിച്ചാവും വോട്ടെണ്ണല്‍ നടത്തുകയെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it